റോം: പ്രശസ്ത ഇറ്റാലിയന്‍ ഫാഷന്‍ ഡിസൈനര്‍ ജോര്‍ജിയോ അര്‍മാനി (91) അന്തരിച്ചു. അതീവ ദു:ഖത്തോടെ വിയോഗവാര്‍ത്ത അറിയിക്കുന്നുവെന്നും വീട്ടില്‍വെച്ചായിരുന്നു അന്ത്യമെന്നും അര്‍മാനി ഗ്രൂപ്പ് വ്യക്തമാക്കി.
വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ‘അങ്ങേയറ്റം ദു:ഖത്തോടെ അര്‍മാനി ഗ്രൂപ്പ് അതിന്റെ സ്രഷ്ടാവും സ്ഥാപകനും ചാലകശക്തിയുമായ ജോര്‍ജിയോ അര്‍മാനിയുടെ വിയോഗം അറിയിക്കുന്നു.’-അര്‍മാനി ഗ്രൂപ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
കിങ് ജോര്‍ജിയോ എന്നറിയപ്പെടുന്ന അര്‍മാനി, അദ്ദേഹത്തിന്റെ ആധുനിക ഇറ്റാലിയന്‍ ശൈലിക്കും ചാരുതയ്ക്കും പേരുകേട്ട വ്യക്തിയായിരുന്നു. ഡിസൈനറുടെ കഴിവിനൊപ്പം ഒരു ബിസിനസുകാരന്റെ സൂക്ഷ്മബുദ്ധിയും അദ്ദേഹത്തിനുണ്ടായിരുന്നു. പ്രതിവര്‍ഷം ഏകദേശം 2.3 ബില്യണ്‍ യൂറോ വിറ്റുവരവുള്ള കമ്പനിയായി അര്‍മാനി ഗ്രൂപ്പിനെ അദ്ദേഹം വളര്‍ത്തിയെടുത്തു.
ഭൗതികശരീരം സെപ്റ്റംബര്‍ ആറ്, ഏഴ് തീയതികളില്‍ മിലാനില്‍ പൊതുദര്‍ശനത്തിന് വെക്കുമെന്നും, തുടര്‍ന്ന് സ്വകാര്യമായി സംസ്‌കാര ചടങ്ങുകള്‍ നടക്കുമെന്നും അര്‍മാനി ഗ്രൂപ്പ് അറിയിച്ചു.
അനാരോഗ്യം കാരണം അദ്ദേഹം ജൂണില്‍ നടന്ന മിലാന്‍ മെന്‍സ് ഫാഷന്‍ വീക്കില്‍ പങ്കെടുത്തിരുന്നില്ല. അന്ന് കരിയറില്‍ ആദ്യമായി ഒരു പ്രധാന ഫാഷന്‍ ഷോയില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നു.