മയോ – കൗണ്ടി മായോയിൽ തേനീച്ചയുടെ കൂട്ടത്തിൻ്റെ ആക്രമണത്തിൽ 70 വയസ്സുള്ള സ്ത്രീ മരിച്ചു. ഇന്നലെ വൈകുന്നേരം 5 മണിയോടെ ബാലിക്യാസിൽ (Ballycastle) പ്രദേശത്താണ് സംഭവം.
ഭർത്താവിനൊപ്പം തേനീച്ചക്കൂടുകളിൽ നിന്ന് തേൻ എടുക്കുന്നതിനിടെയാണ് സ്ത്രീയെ തേനീച്ചക്കൂട്ടം ആക്രമിച്ചത്. ശരീരത്തിൽ ഒന്നിലധികം കുത്തേറ്റതിനെ തുടർന്ന് ഇവർ സംഭവസ്ഥലത്ത് വെച്ച് അവശനിലയിലായി. ഉടൻതന്നെ ഐറിഷ് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററായ റെസ്ക്യൂ 118 സ്ഥലത്തെത്തി സഹായം നൽകിയെങ്കിലും സ്ത്രീയെ രക്ഷിക്കാനായില്ല. സ്ലിഗോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ വെച്ച് ഇവർ മരണപ്പെട്ടു.
സംഭവത്തിൽ സ്ത്രീയെ രക്ഷിക്കാൻ ശ്രമിച്ച മറ്റ് ചിലർക്കും കുത്തേറ്റു. അവരിൽ ഒരാളെ കാസിൽബാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സകൾക്ക് ശേഷം വിട്ടയച്ചു.
മരിച്ച സ്ത്രീ നോർത്ത് മയോ സ്വദേശിനിയാണ്. തേനീച്ചക്കൂടുകളിൽ നിന്ന് തേൻ ശേഖരിക്കുന്നതിനിടയിലാണ് തേനീച്ചക്കൂട്ടം ആക്രമിച്ചത്. മരണകാരണം കണ്ടെത്താനായി പോസ്റ്റ്‌മോർട്ടം നടത്തുമെന്നും തുടർനടപടികൾക്കായി ലോക്കൽ കൊറോണർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
തേനീച്ചക്കൂടുമായി ബന്ധപ്പെട്ട ജോലികൾക്കിടെ മരണം സംഭവിക്കുന്നത് അപൂർവമാണെന്ന് തേനീച്ച വളർത്തുന്നവർ പറയുന്നു. ചില ആളുകൾക്ക് തേനീച്ചയുടെ കുത്തേൽക്കുമ്പോൾ അലർജി ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. മോശം കാലാവസ്ഥയിലും തേൻ ശേഖരിക്കുമ്പോൾ തേനീച്ചകൾ കൂടുതൽ പ്രകോപിതരാകാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.