യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌ൻ സഞ്ചരിച്ച വിമാനത്തിന് നേരെ റഷ്യൻ ജി.പി.എസ് ജാമിങ് നടന്നതായി യൂറോപ്യൻ കമ്മീഷൻ സ്ഥിരീകരിച്ചു. ബൾഗേറിയയിലെ പ്ലോവ്‌ഡിവ് വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ജി.പി.എസ് സിഗ്നലുകൾ തടസ്സപ്പെട്ടതോടെ, പൈലറ്റിന് വിമാനം സുരക്ഷിതമായി ഇറക്കാൻ അനലോഗ് ഭൂപടങ്ങൾ ഉപയോഗിക്കേണ്ടി വന്നു.
“ജി.പി.എസ് ജാമിങ് നടന്നതായി ഞങ്ങൾക്ക് സ്ഥിരീകരിക്കാൻ കഴിയും, പക്ഷേ വിമാനം സുരക്ഷിതമായി ബൾഗേറിയയിൽ ഇറങ്ങി,” കമ്മീഷൻ വക്താവ് അരിയാന പോഡെസ്റ്റ പറഞ്ഞു. “റഷ്യയുടെ വ്യക്തമായ ഇടപെടലാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി ബൾഗേറിയൻ അധികൃതരിൽ നിന്ന് ഞങ്ങൾക്ക് വിവരങ്ങൾ ലഭിച്ചു.”
റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മുന്നണിയിലുള്ള യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് പ്രസിഡന്റ് വോൺ ഡെർ ലെയ്‌ൻ സഞ്ചരിച്ച വിമാനത്തിന് നേരെ ആക്രമണമുണ്ടായത്. തങ്ങളുടെ വിമാനത്തെ ലക്ഷ്യമിട്ടാണോ ഇത് നടന്നതെന്ന് റഷ്യയോടാണ് ചോദിക്കേണ്ടതെന്നും റഷ്യയുടെ ഇത്തരം പ്രവർത്തനങ്ങൾ പതിവാണെന്നും പോഡെസ്റ്റ കൂട്ടിച്ചേർത്തു.
ജി.പി.എസ് ജാമിങ്, സ്പൂഫിങ് പോലുള്ള സംഭവങ്ങൾ 2022 ഫെബ്രുവരി മുതൽ ഗണ്യമായി വർധിച്ചതായി ബൾഗേറിയൻ എയർ ട്രാഫിക് സർവീസസ് അതോറിറ്റി സ്ഥിരീകരിച്ചു. ജി.പി.എസ് ജാമിങ് എന്നാൽ ഒരു വിമാനത്തിൻ്റെ സ്ഥാനം, ഉയരം, എത്തുന്ന സമയം എന്നിവയുമായി ബന്ധപ്പെട്ട റേഡിയോ സിഗ്നലുകൾ മനപ്പൂർവ്വം തടസ്സപ്പെടുത്തുന്നതാണ്. എന്നാൽ, സ്പൂഫിങ് ഇതിലും അപകടകരമായ രീതിയാണ്. ഇത് വിമാനത്തിൻ്റെ യഥാർത്ഥ സ്ഥാനത്തുനിന്നും വ്യത്യാസമുള്ള തെറ്റായ സിഗ്നലുകൾ നൽകി വഴിതെറ്റിക്കാൻ ശ്രമിക്കുന്നു.
2022 മുതൽ ബാൾട്ടിക് കടൽ മേഖലയിൽ ഇത്തരം സംഭവങ്ങൾ ‘വ്യാപകമായി’ വർദ്ധിച്ചതായി യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾക്ക് നൽകിയ ഒരു ആഭ്യന്തര കുറിപ്പിൽ പറയുന്നു. ഈ സംഭവങ്ങൾ ‘ക്രമരഹിതമല്ല, മറിച്ച് റഷ്യയുടെയും ബെലാറസിൻ്റെയും വ്യവസ്ഥാപിതമായ, മനപ്പൂർവ്വമുള്ള പ്രവർത്തനമാണ്.’ കൂടാതെ ഇത് “ആധുനിക സാങ്കേതികവിദ്യക്കും പ്രാദേശിക സുരക്ഷയ്ക്കും അത്യാവശ്യമായ സ്ട്രാറ്റജിക് റേഡിയോ സ്പെക്ട്രത്തിന് നേരെയുള്ള ഹൈബ്രിഡ് ആക്രമണമാണ്” എന്നും കുറിപ്പിൽ വ്യക്തമാക്കി.
ഇത്തരം തടസ്സങ്ങൾ “വളർന്നുവരുന്ന സുരക്ഷാ പ്രശ്നമാണ്,” അതിനാൽ “ഉടനടി ഏകോപിത നടപടി” ആവശ്യമാണെന്നും കുറിപ്പ് ചൂണ്ടിക്കാട്ടുന്നു. റഷ്യയുടെ ജാമിങ് പ്രവർത്തനങ്ങൾക്കെതിരെ ഉടനടി നടപടിയെടുക്കണമെന്ന് ലിത്വാനിയ, ലാത്വിയ, ജർമ്മനി, ഫിൻലാൻഡ് ഉൾപ്പെടെ 13 അംഗരാജ്യങ്ങളിലെ ഗതാഗത മന്ത്രിമാർ യൂറോപ്യൻ കമ്മീഷന് സംയുക്ത കത്ത് നൽകിയിരുന്നു.