ഡൺഡാൽക്ക്, അയർലൻഡ് — ചർച്ച് ഓഫ് അയർലൻഡിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ വനിത ഇടവക റെക്ടറായി നിയമിതയായി. ലൂത്ത്-ആർമാഗ് അതിർത്തിയിലുള്ള ഡൺഡാൽക്ക് സംയുക്ത ഇടവകയുടെ പുതിയ റെക്ടറായി നിയമിതയായത് റെവറന്റ് ഷേർലി മർഫിയാണ്. വേൽസിൽ നിന്ന് അയർലൻഡിലെത്തിയ ഷേർലി മർഫിക്ക് ഡൺഡാൽക്ക് സമൂഹം ഊഷ്മളമായ സ്വീകരണമാണ് നൽകിയത്.
ചർച്ച് ഓഫ് അയർലൻഡ് പോലുള്ള ആംഗ്ലിക്കൻ പാരമ്പര്യമുള്ള സഭകളിൽ ഒരു ഇടവകയുടെ ആത്മീയവും ഭരണപരവുമായ കാര്യങ്ങൾ നോക്കുന്ന പുരോഹിതനാണ് റെക്ടർ. പുരോഹിതൻ എന്ന പദവി ലഭിക്കുന്നതോടെ കുർബാന ഉൾപ്പെടെയുള്ള വിശുദ്ധ കൂദാശകളും നടത്താൻ ഇവർക്ക് അധികാരമുണ്ട്. അതിനാൽ, ഒരു കന്യാസ്ത്രീയെപ്പോലെയുള്ള സന്യാസ പദവിയല്ല റെക്ടർ പദവി. ചർച്ച് ഓഫ് അയർലൻഡിൽ സ്ത്രീകൾക്കും പുരോഹിതരാകാം എന്നതിൻ്റെ ഉദാഹരണം കൂടിയാണ് ഷേർലി മർഫിയുടെ നിയമനം.
ചർച്ച് ഓഫ് അയർലൻഡ് സഭയിലെ പുരോഹിതസ്ഥാനം സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ വനിത കൂടിയാണ് ഷേർലി മർഫി. വേൽസിലെ തന്റെ പ്രവർത്തന കാലയളവിൽ അവിടുത്തെ സമൂഹത്തിൽ സജീവമായി പ്രവർത്തിക്കുകയും ഭവനരഹിതർക്കും ദാരിദ്ര്യം അനുഭവിക്കുന്നവർക്കും വേണ്ടി സേവനങ്ങൾ അനുഷ്ഠിക്കുകയും ചെയ്തിരുന്നു. ഡൺഡാൽക്ക് ഇടവകയിലെ ആത്മീയ നേതാവെന്ന നിലയിൽ റെവറന്റ് ഷേർലി മർഫിയുടെ സേവനങ്ങൾക്കായി സമൂഹം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.