ഡബ്ലിൻ: ഗാസയിൽ നിന്നുള്ള ആദ്യ സംഘം പലസ്തീൻ വിദ്യാർത്ഥികളെ അയർലൻഡിലേക്ക് സ്വാഗതം ചെയ്ത് ഐറിഷ് സർക്കാർ. പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് സഹായം നൽകുന്നതിന്റെ ഭാഗമായാണ് ഈ നടപടി. താലിബാൻ അധിനിവേശത്തിന് ശേഷം അഫ്ഗാൻ പൗരന്മാരെ അയർലൻഡ് സ്വീകരിച്ചതിന് സമാനമായ രീതിയിലുള്ള നടപടിയാണിത്.
നിലവിൽ 26 വിദ്യാർത്ഥികളാണ് ആദ്യ സംഘത്തിൽ എത്തിയിട്ടുള്ളത്. ആകെ 52 വിദ്യാർത്ഥികളാണ് ഈ പദ്ധതിയുടെ ഭാഗമായി എത്തുന്നത്. ബാക്കിയുള്ളവർ അടുത്ത ദിവസങ്ങളിൽ അയർലൻഡിലെത്തും. ഗാസയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ജോർദാനിലെ അമ്മാൻ, തുർക്കിയിലെ ഇസ്താംബൂൾ എന്നിവിടങ്ങൾ വഴിയാണ് അയർലൻഡിലെത്തിയത്.
ഗാസയിൽ നിന്ന് പുറത്തുകടന്ന് ഇസ്രായേൽ വഴി യാത്ര ചെയ്യാനും ജോർദാനിൽ പ്രവേശിക്കാനുമുള്ള അനുമതി നേടുന്നതുൾപ്പെടെയുള്ള സങ്കീർണ്ണമായ കടമ്പകൾ വിജയകരമായി പൂർത്തിയാക്കിയാണ് വിദ്യാർത്ഥികൾ അയർലൻഡിലെത്തിയത്. ഇസ്രായേൽ അധികൃതരുടെ യാത്രാനുമതി ലഭിച്ചതായി ചൊവ്വാഴ്ചയാണ് വിദ്യാർത്ഥികൾക്ക് സന്ദേശം ലഭിച്ചത്. ചെറിയ ഹാൻഡ്ബാഗ്, വ്യക്തിപരമായ രേഖകൾ, മരുന്ന്, മൊബൈൽ ഫോൺ, ചാർജർ എന്നിവ മാത്രമേ യാത്രയിൽ കൊണ്ടുപോകാൻ അനുമതിയുണ്ടായിരുന്നുള്ളൂ. സ്വർണ്ണം, ലാപ്ടോപ്പുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ അനുവദിച്ചിരുന്നില്ല.
ഡബ്ലിൻ വിമാനത്താവളത്തിൽ എത്തിയ വിദ്യാർത്ഥികൾക്ക് വൈദ്യസഹായവും സ്ക്രീനിംഗും നൽകി. തുടർന്ന് വിവിധ യൂണിവേഴ്സിറ്റി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.
വിദ്യാർത്ഥികളെ ഗാസയിൽ നിന്ന് പുറത്തെത്തിക്കുന്നതിന് വിദേശകാര്യ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, വിവിധ യൂണിവേഴ്സിറ്റികൾ എന്നിവ കഴിഞ്ഞ ഏതാനും മാസങ്ങളായി ശ്രമിച്ചുവരികയായിരുന്നു. എസ്ഇടിയു, ടിസിഡി, യുസിഡി, യുഎൽ, ലിമറിക്കിലെ മേരി ഇമ്മാക്കുലേറ്റ് കോളേജ്, ഗോൾവേ, മെയ്‌നൂത്ത് യൂണിവേഴ്സിറ്റികൾ, എടിയു, ആർസിഎസ്ഐ, ടിയു ഡബ്ലിൻ, ഡിസിയു എന്നിവയുൾപ്പെടെ നിരവധി ഐറിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ പ്രവർത്തനമാണ് ഈ ദൗത്യം വിജയകരമാക്കിയത്.
പലസ്തീനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനുള്ള ഒരു പ്രായോഗിക നടപടിയാണിതെന്ന് ഹയർ എഡ്യുക്കേഷൻ മന്ത്രി സൈമൺ ഹാരിസ് പറഞ്ഞു. ഇതുവരെ 200-ലധികം പേരെ ഗാസയിൽ നിന്ന് അയർലൻഡിലേക്ക് എത്തിക്കാൻ തന്റെ വകുപ്പിന് കഴിഞ്ഞിട്ടുണ്ടെന്നും വിദ്യാർത്ഥികൾക്കാവശ്യമായ ചികിത്സയുൾപ്പെടെ എല്ലാ സൗകര്യങ്ങളും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, അഫ്ഗാനിസ്ഥാനിൽ നിന്ന് ആയിരക്കണക്കിന് ആളുകളാണ് സമാനമായ രീതിയിൽ അയർലൻഡിൽ അഭയം തേടിയെത്തിയത്. അവരിൽ ഭൂരിഭാഗം പേരും നിലവിൽ രാജ്യത്തെ നികുതിദായകരുടെ ചെലവിലാണ് കഴിയുന്നത്. അവരുടെ വാടക ഉൾപ്പെടെയുള്ള ചെലവുകൾ സർക്കാർ വഹിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

