ഡബ്ലിൻ: ഡബ്ലിനിലെ ടെംപിൾ ബാറിൽ വെച്ച് നടന്ന ആക്രമണത്തിൽ 40 വയസ്സ് പ്രായമുള്ള ഒരു ബ്രിട്ടീഷ് ടൂറിസ്റ്റിന് ഗുരുതരമായി പരിക്കേറ്റു. പുലർച്ചെ 12.30-ഓടെ ടെംപിൾ ബാർ സ്ക്വയർ ഏരിയയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇയാളെ ബ്യൂമോണ്ട് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മറ്റൊരാളുമായി ഉണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് ഗാർഡ കരുതുന്നത്. പിയേഴ്‌സ് സ്ട്രീറ്റ് ഗാർഡ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചതായി ഗാർഡ പ്രസ് ഓഫീസ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങളോ വീഡിയോ ദൃശ്യങ്ങളോ ലഭിക്കുന്നവർ പിയേഴ്സ് സ്ട്രീറ്റ് ഗാർഡ സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് ഗാർഡ അഭ്യർത്ഥിച്ചു. ഗാർഡ കോൺഫിഡൻഷ്യൽ ലൈൻ നമ്പറായ 1800 666 111-ലും വിവരങ്ങൾ അറിയിക്കാവുന്നതാണ്.