ഡബ്ലിൻ: അയർലണ്ടിന്റെയും ഫ്രാൻസിന്റെയും വൈദ്യുതി ഗ്രിഡുകളെ ബന്ധിപ്പിച്ച് യൂറോപ്പിന് തന്നെ മാതൃകയാവുന്ന സെൽറ്റിക് ഇന്റർകണക്ടർ പദ്ധതി പുരോഗമിക്കുന്നു. 1.6 ബില്യൺ യൂറോയുടെ ഈ പദ്ധതി, വൈദ്യുതി വിതരണത്തിൽ അയർലൻഡിന് സുരക്ഷ ഉറപ്പാക്കും. എവിടെയെങ്കിലും വൈദ്യുതി വിതരണം നിലച്ചാൽ, വേഗത്തിൽ അത് പുനഃസ്ഥാപിക്കാൻ ഈ സംവിധാനം സഹായിക്കും.
പദ്ധതിയുടെ പ്രധാന ഭാഗമായ അണ്ടർവാട്ടർ കേബിൾ സ്ഥാപിക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. നോർവേയിൽ നിന്നുള്ള കാലിപ്‌സോ എന്ന പ്രത്യേക മറൈൻ കപ്പലാണ് ഈ കേബിൾ സ്ഥാപിക്കുന്നത്. 575 കിലോമീറ്റർ നീളമുള്ള ഈ കേബിൾ കിഴക്കൻ കോർക്കിൽ നിന്ന് ബ്രിട്ടാനിയുടെ വടക്കുപടിഞ്ഞാറ് വരെ നീളും. കാലാവസ്ഥ അനുകൂലമായതിനാൽ വേനൽക്കാലത്താണ് ഈ ജോലികൾ പ്രധാനമായും നടക്കുന്നത്.
ഈ ഇന്റർകണക്ടർ വഴി 700 മെഗാവാട്ട് വൈദ്യുതി കൈമാറ്റം ചെയ്യാനാകും, ഇത് ഏകദേശം 4,50,000 വീടുകൾക്ക് വൈദ്യുതി നൽകാൻ പര്യാപ്തമാണ്. യൂറോപ്യൻ യൂണിയന്റെ സഹകരണത്തോടെ, അയർലൻഡിലെ എയർഗ്രിഡും ഫ്രഞ്ച് പങ്കാളിയായ റീസോ ഡി ട്രാൻസ്‌പോർട്ട് ഡി ഇലക്ട്രിസിറ്റിയും ചേർന്നാണ് ഈ പദ്ധതി വികസിപ്പിക്കുന്നത്.
2023-ൽ ആരംഭിച്ച പദ്ധതി 2028-ൽ പൂർണ്ണമായി പ്രവർത്തനക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനോടകം തന്നെ കാരിഗ്‌റ്റ്വോഹില്ലിലെ കൺവെർട്ടർ സ്റ്റേഷൻ നിർമ്മാണവും എച്ച്‌വിഎസി കേബിൾ സ്ഥാപിക്കലും വലിയൊരളവിൽ പൂർത്തിയായിട്ടുണ്ട്. കൂടാതെ, കൺവെർട്ടർ സ്റ്റേഷനിൽ സ്ഥാപിക്കാനുള്ള ഭീമാകാരമായ ട്രാൻസ്‌ഫോർമറുകൾ ഈ മാസം അവസാനമെത്തും.