വിദേശയാത്രകളില്‍ പാസ്‌പോര്‍ട്ടിന് വലിയ പ്രാധാന്യമുണ്ട്. ഏതു രാജ്യത്തെ പാസ്‌പോര്‍ട്ടാണ് നിങ്ങള്‍ക്ക് എന്നതിന് അനുസരിച്ച് നിങ്ങളുടെ സഞ്ചാര സൗകര്യങ്ങളും വ്യത്യാസപ്പെട്ടിരിക്കും. ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്‌പോര്‍ട്ടുകളുടെ 2025ലെ പട്ടിക ഹെന്‍ലീ പാസ്‌പോര്‍ട്ട് പുറത്തുവിട്ടു. എളുപ്പത്തില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന പാസ്‌പോര്‍ട്ടാണ് ഏറ്റവും കരുത്തുള്ള പാസ്‌പോര്‍ട്ടായി വിലയിരുത്തപ്പെടുന്നത്. പുതിയ പട്ടികയില്‍ ഇന്ത്യയുടെ പാസ്‌പോര്‍ട്ട് എട്ട് സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്.
ഈ വര്‍ഷവും സിംഗപ്പൂരാണ് ഏറ്റവും കരുത്തുള്ള പാസ്‌പോര്‍ട്ടായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വീസ ഇല്ലാതെയോ വീസ ഓണ്‍ അറൈവല്‍ സൗകര്യത്തോടെയോ ലോകത്തെ 193 രാജ്യങ്ങളിലേക്ക് സിംഗപ്പൂര്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് സഞ്ചരിക്കാനാവും. ഏഷ്യന്‍ രാജ്യങ്ങളായ ജപ്പാനും ദക്ഷിണകൊറിയയുമാണ് പട്ടികയില്‍ രണ്ടാമത്. 190 രാജ്യങ്ങളിലേക്ക് ഈരാജ്യങ്ങളിലുള്ളവര്‍ക്ക് എളുപ്പം സഞ്ചരിക്കാനാവും. ആദ്യ അഞ്ച് റാങ്കില്‍ ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി എന്നിവ അടക്കം നിരവധി യൂറോപ്യന്‍ രാജ്യങ്ങളുണ്ട്.
കരുത്തുള്ള പാസ്‌പോര്‍ട്ടിന്റെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ ഏഷ്യയില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള രാജ്യങ്ങളാണുള്ളത്. രാജ്യാന്തര ബന്ധം മികച്ച രീതിയില്‍ കൊണ്ടുപോവുകയും മികച്ച നയതന്ത്ര ബന്ധങ്ങള്‍ നില നിര്‍ത്തുകയും ആഭ്യന്തര പ്രശ്‌നങ്ങളെ എളുപ്പം പരിഹരിക്കുകയും ചെയ്യുന്ന രാജ്യങ്ങള്‍ക്കാണ് പാസ്‌പോര്‍ട്ട് കരുത്തിന്റെ പട്ടികയിലും മുന്നിലെത്താനായത്.
മൂന്നാമത്തെ കരുത്തുള്ള പാസ്‌പോര്‍ട്ടുള്ള രാജ്യങ്ങളില്‍ ഡെന്മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, അയര്‍ലന്‍ഡ്, ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ വരുന്നു. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് 189 രാജ്യങ്ങളിലേക്ക് എളുപ്പം യാത്ര ചെയ്യാനാവും. ആദ്യ പത്ത് റാങ്കിനുള്ളില്‍ ബ്രിട്ടന്‍(186 രാജ്യങ്ങള്‍), ഓസ്‌ട്രേലിയ(185 രാജ്യങ്ങള്‍) എന്നീ രാജ്യങ്ങളുമുണ്ട്. അമേരിക്ക പത്താം സ്ഥാനത്തേക്ക്(182 രാജ്യങ്ങള്‍) താഴ്ന്നുവെന്നും പുതിയ പട്ടിക പറയുന്നു. ഐസ്‌ലന്‍ഡും, ലിത്വാനിയയുമാണ് അമേരിക്കക്കൊപ്പമുള്ള രാജ്യങ്ങള്‍.
2025ലെ കരുത്തുറ്റ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ 77ാം സ്ഥാനത്താണ് ഇന്ത്യ. 59 രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് വീസയില്ലാതെയോ വീസ ഓണ്‍ അറൈവല്‍ സൗകര്യത്തിലോ സഞ്ചരിക്കാനാവും. മുന്‍ പട്ടികയെ അപേക്ഷിച്ച് എട്ട് സ്ഥാനം മെച്ചപ്പെടുത്തിയെന്നതാണ് ഇന്ത്യയെ സംബന്ധിച്ച ആശ്വാസകരം. രാജ്യാന്തര ബന്ധങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടതോടെയാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന്റെ കരുത്ത് വര്‍ധിച്ചത്.
ഈ പട്ടികയില്‍ ഏറ്റവും താഴെയുള്ളത് നിരവധി ആഭ്യന്തര പ്രശ്‌നങ്ങളും കെടുതികളുമുള്ള രാജ്യങ്ങളാണന്നതും ശ്രദ്ധേയമാണ്. ഏറ്റവും താഴെയുള്ള അഫ്ഗാനിസ്ഥാന്റെ റാങ്ക് 99 ആണ്. അഫ്ഗാനിസ്ഥാന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 25 രാജ്യങ്ങളിലേക്കു മാത്രമേ എളുപ്പത്തില്‍ യാത്ര ചെയ്യാനാവൂ. സിറിയ(27), ഇറാഖ്(30), പാക്കിസ്ഥാൻ(32), ബംഗ്ലാദേശ്(39) എന്നിവയാണ് റാങ്കിങ്ങില്‍ ഏറ്റവും താഴെയുള്ള മറ്റു രാജ്യങ്ങള്‍. ഈ രാജ്യങ്ങളെല്ലാം നയതന്ത്ര, വിദേശകാര്യ പ്രതിസന്ധികളും ആഭ്യന്തര പ്രശ്‌നങ്ങളും നേരിടുന്നവരാണ്. ഇന്റര്‍നാഷണൽ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (IATA)യില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഹെന്‍ലീ പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് തയാറാക്കിയിരിക്കുന്നത്.