ന്യൂഡൽഹി: എഐ ആദായ നികുതി മേഖലയിലും ശക്തമാവുന്നു. രാജ്യത്തെ നികുതിദായകർക്ക് മുന്നറിയിപ്പുമായി ആദായ നികുതി വകുപ്പ് അടുത്തിടെ രംഗത്ത് വന്നിരുന്നു. നിയമങ്ങൾ പാലിക്കാനും തെറ്റായ കാര്യങ്ങൾ കണ്ടെത്താനും ലക്ഷ്യമിട്ട് ആദായ നികുതി വകുപ്പ് നടപടികൾ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുകയാണ് വകുപ്പ് ഇപ്പോൾ. ഇതോടെ വ്യാജ നികുതി ക്ലെയിമുകൾ കണ്ടെത്താൻ ഈ നീക്കം സഹായിച്ചേക്കും.
നിലവിൽ വലിയ ഡാറ്റകൾ വിശകലനം ചെയ്യാൻ ആദായ നികുതി വകുപ്പ് എഐ ഉപയോഗിക്കുന്നു. നികുതി വെട്ടിപ്പുകൾ കണ്ടെത്താൻ ഇത് വഴി ഉദ്യോഗസ്ഥരെ സഹായിക്കാൻ കഴിയും. നികുതി അടയ്ക്കുന്ന രീതി മെച്ചപ്പെടുത്താനും വരുമാന നഷ്‍ടം കുറയ്ക്കാനും എഐ സഹായിക്കുമെന്നാണ് വിലയിരുത്തൽ. മനുഷ്യരെക്കാൾ വേഗത്തിൽ എഐക്ക് തട്ടിപ്പ് കണ്ടെത്താനാകുമെന്ന് ആദായ നികുതി വകുപ്പ് കരുതുന്നു.
നികുതിദായകരുടെ രീതികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിരീക്ഷിക്കുകയാണെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് ചെയർമാൻ രവി അഗർവാളാണ് അറിയിച്ചത്. ഗവൺമെന്റ് നികുതി സംവിധാനങ്ങളിൽ എഐ ഉപയോഗിക്കുന്നത്തിലൂടെ വേഗത്തിൽ തട്ടിപ്പ് കണ്ടെത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
വലിയ ഡാറ്റാ സെറ്റുകൾ ഉപയോഗിച്ച് നികുതി റിട്ടേണുകൾ പരിശോധിക്കാനും സംശയാസ്‌പദമായവ കണ്ടെത്താനും സാധിക്കുന്നു. ഇത് പരിശോധനയുടെ കൃത്യത വർധിപ്പിക്കുന്നു. നികുതിദായകർക്കും സ്ഥാപനങ്ങൾക്കും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എഐഎസിൽ വിവരങ്ങൾ ഉണ്ടാകും. ഇത് കൃത്യമായ വിവരങ്ങൾ നൽകാൻ സഹായിക്കും.
ഒരു ഉപയോക്താവ് എത്ര തവണ എഐഎസ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നു. നികുതിദായകർ ശരാശരി 3.5 തവണ എഐഎസ പോർട്ടൽ സന്ദർശിക്കുന്നു എന്നാണ് കണ്ടെത്തൽ. 650 കോടിയിലധികം സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ട്. എന്നാൽ 9 കോടി നികുതി റിട്ടേണുകൾ മാത്രമാണ് കഴിഞ്ഞ വർഷം ഫയൽ ചെയ്‌തത്. ഇത് മറ്റ് പല കാര്യങ്ങളും സൂചിപ്പിക്കുന്നുവെന്ന് ഐടി വകുപ്പ് അധികൃതർ പറയുന്നു.
ഇതിലൂടെ നികുതി വെട്ടിക്കുന്നവർക്ക് മെസേജ് അയച്ച് നടപടി എടുക്കാൻ ആലോചിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ മേഖലയിലും ശക്തി തെളിയിക്കുന്നതിനോടൊപ്പം ആദായ നികുതി വകുപ്പിലും അതിന്റെ മാറ്റങ്ങൾ പ്രകടമാണ്. ഇത് ആദായ നികുതി വകുപ്പിന് തട്ടിപ്പ് കണ്ടെത്താൻ സഹായിക്കുക മാത്രമല്ല പൗരന്മാരുടെ സാമ്പത്തിക ശീലങ്ങൾ നേർവഴിയിൽ എത്തിക്കാനും സഹായിക്കുന്നു.