വത്തിക്കാനിലെ സിസ്റ്റിൻ ചാപ്പലിൽ നിന്ന് അന്തരീക്ഷത്തിലേക്ക് വെള്ളപ്പുക ഉയർന്നു. പുതിയ പോപ്പിനെ തെരഞ്ഞെടുത്തതായുള്ള ആദ്യ അറിയിപ്പാണ് ഇത്. പോപ് ഫ്രാൻസിസിൻ്റെ വിയോഗത്തെ തുടർന്ന് നടന്ന വോട്ടെടുപ്പിൽ ആദ്യ മൂന്ന് ഘട്ടത്തിലും തീരുമാനമായിരുന്നില്ല. ഇന്ന് ഉച്ചഭക്ഷണത്തിന് ശേഷം നടന്ന വോട്ടെടുപ്പിലാണ് 133 കർദിനാൾമാർ പുതിയ പോപ്പിനെ തെരഞ്ഞെടുത്തത്.
കർദ്ദിനാൾമാരായ പിയട്രോ പരോളിൻ (സ്റ്റേറ്റ് സെക്രട്ടറി) , പീറ്റർ എർഡോവ് (ഹംഗറി), ജീൻ-മാർക്ക് അവെലിൻ (ഫ്രാൻസ്),
പിയർബാറ്റിസ്റ്റ പിസബല്ല (ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ്) എന്നിവരാണ് പോപ്പ് സ്ഥാനത്തേക്ക് മുൻനിരയിലുണ്ടായിരുന്നത്. ഇവരിലാരെങ്കിലുമാകുമോ അല്ല പോപ്പ് ഫ്രാൻസിസ് തെരഞ്ഞെടുക്കപ്പെട്ടത് പോലെ അപ്രതീക്ഷിതമായി മറ്റൊരു കർദിനാൾ തിരഞ്ഞെടുക്കപ്പെടുമോയെന്നതാണ് പ്രധാന ചോദ്യം.
വെളുത്ത പുക ഉയർന്നത് സെൻ്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ ആയിരങ്ങൾക്ക് ആശ്വാസവും ആവേശവുമായി. വെള്ള പുക പുറത്ത് വന്നതിന് പിന്നാലെ വലിയ ശബ്ദത്തിൽ മണികൾ മുഴങ്ങി. ഏറ്റവും മുതിർന്ന കർദിനാൾ ഡീക്കനാണ് പുതിയ പോപ്പ് ആരെന്ന കാര്യം അറിയിക്കുക. ഫ്രാൻസിൽ നിന്നുള്ള ഡൊമിനിക്ക് മാമ്പെർട്ടോയാണ് നിലവിലെ ഡീക്കൻ. എല്ലാ കർദിനാൾമാരും പുതിയ പോപ്പിനോട് വിധേയത്വം പ്രഖ്യാപിക്കും. ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ പുതിയ പാപ്പ സെൻ്റ് പീറ്റേർസ് ബസിലിക്കയുടെ മട്ടുപ്പാവിലെത്തി വിശ്വാസി സമൂഹത്തെ ആശിർവദിക്കും.