ഇസ്ലാമാബാദ്: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ അന്വേഷണത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ‘നിഷ്പക്ഷവും സുതാര്യവുമായ’ ഏതൊരു അന്വേഷണത്തിനും പാകിസ്താന്‍ തയ്യാറാണ് ‘ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ആക്രമണത്തിന് പിന്നാലെ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതടക്കമുള്ള നയതന്ത്ര നടപടികള്‍ ഇന്ത്യ പാകിസ്താനെതിരെ കൈക്കൊണ്ടിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണത്തിന് തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് പാക് പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
പാക് മിലിട്ടറി അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡിലാണ് ഷെഹ്ബാസ് ഷെരീഫിന്റെ പ്രതികരണം. ‘പഹല്‍ഗാമില്‍ അടുത്തിടെയുണ്ടായ ദുരന്തം ഈ നിരന്തരമായ കുറ്റപ്പെടുത്തല്‍ കളികളുടെ മറ്റൊരു ഉദാഹരണമാണ്, ഇത് അവസാനിപ്പിക്കണം. ഉത്തരവാദിത്വമുള്ള ഒരു രാജ്യമെന്ന നിലയില്‍ നിഷ്പക്ഷവും സുതാര്യവും വിശ്വസനീയവുമായ ഏത് അന്വേഷണത്തിലും സഹകരിക്കാൻ പാകിസ്താന്‍ തയ്യാറാണ്’, ഷെഹബാസ് ഷെരീഫ് പറഞ്ഞു.
വിശ്വസനീയമായ തെളിവുകള്‍ ഇല്ലാതെയുള്ള ആരോപണങ്ങളാണ് ഇന്ത്യ ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി സംബന്ധിച്ചും പാക് പ്രധാനമന്ത്രി പ്രതികരിച്ചു.
ജലം പാകിസ്താന്റെ ഒരു സുപ്രധാന ദേശീയ താല്‍പ്പര്യമാണ്, എന്ത് വിലകൊടുത്തും എല്ലാ സാഹചര്യങ്ങളിലും അതിന്റെ ലഭ്യത സംരക്ഷിക്കപ്പെടുമെന്നതില്‍ യാതൊരു സംശയവുമില്ലെന്നും ഷഹബാസ് പറഞ്ഞു. സിന്ധു നദീജല ഉടമ്പടി പ്രകാരം പാകിസ്താന് അവകാശപ്പെട്ട ജലം തടയാനോ കുറയ്ക്കാനോ വഴിതിരിച്ചുവിടാനോ ഉള്ള ഏതൊരു ശ്രമത്തിനും പൂര്‍ണ്ണ ശക്തിയോടെ മറുപടി നല്‍കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
രാജ്യത്തിന്റെ പരമാധികാരത്തെയും അതിന്റെ പ്രദേശിക സമഗ്രതയെയും സംരക്ഷിക്കാന്‍ സായുധസേന പൂര്‍ണ്ണമായും പ്രാപ്തരും സജ്ജരുമാണെന്നനും പാക് പ്രധാനമന്ത്രി പറഞ്ഞു. ‘സൈന്യത്തിനൊപ്പം രാജ്യം ഒറ്റക്കെട്ടായി നില്‍ക്കും. സമാധാനമാണ് നമ്മുടെ മുന്‍ഗണന. പക്ഷേ, അത് ഞങ്ങളുടെ ബലഹീനതയായി കണക്കാക്കരുത്’, ഷഹബാസ് പറഞ്ഞു.
പാകിസ്താനിലേക്ക് ഒരു തുള്ളി വെള്ളംപോലും പോകുന്നില്ലെന്നുറപ്പാക്കാനാവശ്യമായ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുകയാണെന്ന് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിന്ധുനദീജലക്കരാര്‍ മരവിപ്പിക്കലുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ചര്‍ച്ചചെയ്യാനായി ആഭ്യന്തരമന്ത്രി അമിത്ഷാ വിളിച്ച ഉന്നതതല യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരാര്‍ മരവിപ്പിക്കല്‍ സാധ്യമാക്കുന്നതിനായി ഹ്രസ്വ-ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള മൂന്ന് പദ്ധതികളാണ് പരിഗണിക്കുന്നത്. നദികളിലെ അണക്കെട്ടുകളുടെ സംഭരണശേഷി വര്‍ധിപ്പിക്കും. ഇതിനായുള്ള നിര്‍ദേശങ്ങള്‍ ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിച്ചു.
സിന്ധുനദീജലക്കരാര്‍ മരവിപ്പിക്കല്‍ തീരുമാനം ഇതിനകം പാകിസ്താനെ ഇന്ത്യ അറിയിച്ചിട്ടുണ്ട്. കരാര്‍ മരവിപ്പിക്കുന്നതായാണ് വിജ്ഞാപനത്തില്‍ പറയുന്നത്. കമ്മിഷണര്‍മാരുടെ യോഗങ്ങള്‍, ഡേറ്റ കൈമാറ്റം, പുതിയ പദ്ധതി തുടങ്ങുന്നതിന് മുന്‍കൂര്‍ നോട്ടീസ് തുടങ്ങി കരാറുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ മരവിപ്പിക്കുകയാണെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. കരാര്‍ മരവിപ്പിക്കുന്നതോടെ നദികളില്‍ പാകിസ്താന്റെ സമ്മതമില്ലാതെ പുതിയ അണക്കെട്ട് നിര്‍മിക്കാനാവുമെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍.