ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിസ വ്യാപകമായി റദ്ദാക്കുന്ന അമേരിക്കന്‍ നടപടയില്‍ ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ്. വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കർ ഈ വിഷയം യുഎസ് വിദേശകാര്യ മന്ത്രിയുമായി ചർച്ച ചെയ്യുമോ എന്ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് ചോദിച്ചു. അമേരിക്ക വിസ റദ്ദാക്കിയതുമായി ബന്ധപ്പെട്ട 327 കേസുകളിൽ 50 ശതമാനവും ഇന്ത്യക്കാരാണെന്നാണ് അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്‌സ് അസോസിയേഷന്‍ അറിയിച്ചത്.
അമേരിക്കന്‍ വിദേശകാര്യ മന്ത്രിയും (DOS) ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റും (ICE) വിസ റദ്ദാക്കൽ, സ്റ്റാറ്റസ് അവസാനിപ്പിക്കൽ, പുറത്താക്കല്‍ തുടങ്ങിയ നടപടികളിലൂടെ അന്താരാഷ്‌ട്ര വിദ്യാർത്ഥികളെ ലക്ഷ്യമിടുകയാണെന്ന് അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്‌സ് അസോസിയേഷൻ പ്രസ്‌താവനയിൽ പറയുന്നു. അമേരിക്കയില്‍ ഇതുവരെ ഒരു പ്രതിഷേധത്തിലും പങ്കെടുക്കാത്തവരും നടപടിക്ക് ഇരയാകുന്നുണ്ടെന്നും പ്രസ്‌താവനയില്‍ പറയുന്നു.
അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്‌സ് അസോസിയേഷൻ ഇന്ന് (18-04-2025) പുറത്തിറക്കിയ പത്രക്കുറിപ്പ് ജയ്‌റാം രമേശ് എക്‌സിൽ പങ്കുവെച്ചു. ‘ഇത് ഞങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഇതുവരെ സംഘടന ശേഖരിച്ച അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ 327 വിസ റദ്ദാക്കൽ കേസുകളിൽ 50 ശതമാനവും ഇന്ത്യക്കാരാണ്. റദ്ദാക്കലിനുള്ള കാരണങ്ങൾ വ്യക്തവുമല്ല. ഭയവും ആശങ്കയും വർദ്ധിച്ചുവരികയാണ്.
വിദേശകാര്യ മന്ത്രി ഇക്കാര്യം ശ്രദ്ധിക്കുകയും യുഎസ് വിദേശകാര്യ മന്ത്രിയോട് ആശങ്ക ഉന്നയിക്കുകയും ചെയ്യുമോ?’- എസ് ജയശങ്കറിനെ ടാഗ് ചെയ്‌തുകൊണ്ട് ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചു.
അഭിഭാഷകർ, വിദ്യാർത്ഥികൾ, സർവകലാശാല ജീവനക്കാർ എന്നിവരിൽ നിന്നാണ് 327 വിസ റദ്ദാക്കൽ, സ്റ്റുഡന്‍റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ ഇൻഫർമേഷൻ സിസ്റ്റം (SEVIS) പിരിച്ചുവിടൽ റിപ്പോർട്ടുകൾ എഐഎല്‍എ ശേഖരിച്ചത്.
റിപ്പോർട്ട് പ്രകാരം വിദ്യാർത്ഥികളിൽ 50 ശതമാനവും ഇന്ത്യയിൽ നിന്നുള്ളവരാണ്. 14 ശതമാനം ചൈനയിൽ നിന്നുള്ളവരുമാണ്. ദക്ഷിണ കൊറിയ, നേപ്പാൾ, ബംഗ്ലാദേശ് എന്നിവയാണ് ഈ രേഖകളിൽ പറയുന്ന മറ്റ് പ്രധാന രാജ്യങ്ങള്‍. ഏകപക്ഷീയമായ വിസ റദ്ദാക്കലും SEVIS റെക്കോർഡ് അവസാനിപ്പിക്കലും തടയുന്നതിന് സുതാര്യതയും ഉത്തരവാദിത്തവും ആവശ്യമാണെന്നും പ്രസ്‌താവനയില്‍ പറയുന്നു.