യുവാക്കൾക്കിടയിൽ അർബുദം കുത്തനെ വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് യുകെയിലെ ഡോക്ടർമാർ. 25-നും 49-നും ഇടയിൽ പ്രായമുള്ളവരിൽ മുമ്പത്തേക്കാൾ കൂടുതൽ തവണ ഈ രോഗം കണ്ടെത്തിയതായി പുതിയ ഡാറ്റ കാണിക്കുന്നു.
അയർലണ്ടിലും മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും ഉയർന്നുവരുന്ന സമാനമായ പ്രവണതകൾ കാര്യമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അയർലണ്ടിൽ നേരത്തെയുള്ള കുടൽ കാൻസറിന്റെ എണ്ണം ഇരട്ടിയായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർദ്ധനവ് ജീവിതശൈലി ശീലങ്ങൾ, പ്രത്യേകിച്ച് ഭക്ഷണക്രമം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിദഗ്ദ്ധർ വിശ്വസിക്കുന്നു. പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ, പഞ്ചസാര പാനീയങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവ പോലുള്ള അൾട്രാ-പ്രോസസ്സ് ചെയ്ത ഭക്ഷണങ്ങൾ പല യുവാക്കളും കഴിക്കുന്നു. ഈ ഭക്ഷണങ്ങളിൽ നാരുകൾ കുറവും പലപ്പോഴും ചുവന്നതും സംസ്കരിച്ചതുമായ മാംസം കൂടുതലുമാണ്. ഇത് അർബുദത്തിന് ഒരു പ്രധാന ഘടകമാണ്.
ഇംഗ്ലണ്ടിൽ ഈ പ്രായത്തിലുള്ളവരിൽ കുടൽ കാൻസർ നിരക്ക് ഓരോ വർഷവും ഏകദേശം 3.6% വർധിക്കുന്നതായാണ് പഠനം കണ്ടെത്തിയിരിക്കുന്നത്.
പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയ ഈ ഭക്ഷണങ്ങൾ ദഹനം, രോഗപ്രതിരോധം എന്നിവയിൽ പ്രധാന പങ്ക് വഹിക്കുന്ന ബാക്ടീരിയകളെ(gut microbiome) ബാധിക്കുന്നു. ഇത്, കാൻസർ അടക്കമുള്ള രോഗങ്ങൾക്ക് വഴിവയ്ക്കുന്നു.
അതേസമയം, അർബുദ സാധ്യത കുറയ്ക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി തുടരുന്നതിനുമായി പ്രഭാതഭക്ഷണത്തിൽ യോഗർട്ട് ഉൾപ്പെടുത്തണമെന്നാണ് വിദഗ്ധർ പറയുന്നത്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പ്രോ ബയോട്ടിക്കിനാൽ സമ്പന്നമായ യോഗർട്ടിന് സാധിക്കും. ശക്തമായ രോഗപ്രതിരോധശേഷി നിലനിർത്തുന്നതിലും യോഗർട്ടിന്റെ ഉപയോഗം നിർണായകമാണ്.
ആഴ്ചയിൽ രണ്ടോ അതിലധികമോ തവണ യോഗർട്ട് കഴിക്കുന്നവരിൽ പ്രോക്സിമൽ കോളൻ കാൻസർ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്ന് പഠനത്തിൽ നിന്ന് വ്യക്തമായ കാര്യമാണ്. 1,50,000 പേർ ഭാഗമായ പഠനത്തിലാണ് പതിവായി യോഗർട്ട് കഴിക്കുന്നത് കുടലിലെ അർബുദ സാധ്യത കുറയ്ക്കുന്നതായി കണ്ടെത്തിയത്. കാൻസർ പ്രതിരോധത്തിൽ പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകതയെ പഠനം സൂചിപ്പിക്കുന്നു.