വിസ തട്ടിപ്പ് കേസുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായത് വ്യാജ യൂട്യൂബ് ഇൻഫ്ലുൻസർ, പോലീസ് ഇൻസ്‌പെക്ടർ എന്നിവരടക്കം നിരവധിപേർ.
ഇറ്റാലിയൻ വിസ തട്ടിപ്പിൽ മലയാളിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. പി.ആർ രൂപേഷ് എന്നയാളാണ് പിടിയിലായത്. കബളിപ്പിക്കപ്പെട്ട മലയാളിയായ യുവാവിനെ ഇറ്റലി മടക്കി അയച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ജനുവരി 25-നാണ് മലയാളിയായ ഡിജോ ഡേവീസ് ഡൽഹിയിൽ മടങ്ങിയെത്തിയത്. വിസ വ്യാജമാണെന്ന് വ്യക്തമായതോടെ ഇറ്റലിയിലെ എമിഗ്രേഷൻ വിഭാഗം അധികൃതർ മടക്കി അയയ്ക്കുകയായിരുന്നു. സ്ഥിരതാമസ വിസയെന്ന് വിശ്വസിപ്പിച്ചാണ് രൂപേഷ് ഡിജോയ്ക്ക് വ്യാജ വിസ നൽകി കബളിപ്പിച്ചത്. വിസ ലഭിക്കുന്നതിനായി എട്ടുലക്ഷം രൂപ ഡിജോയിൽ നിന്ന് ഇയാൾ കൈപ്പറ്റിയിരുന്നു.
കേരളത്തിൽ ട്രാവൽ ഏജൻസി നടത്തിവന്നിരുന്ന രൂപേഷിന് വ്യാജ വിസ തയാറാക്കുന്ന സംഘവുമായി അടുത്തബന്ധമുണ്ടെന്ന നിഗമനത്തിലാണ് ഡൽഹി പോലീസ്. വിഷയത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നാണ് വിവരം.
മറ്റൊരു തട്ടിപ്പ് കേസിൽ അറസ്റ്റ് കർണാടകയിലാണ് രേഖപ്പെടുത്തിയത്. വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് കോടികൾ തട്ടിയെടുത്തെന്ന പരാതിയിൽ പോലീസ് ഇൻസ്പെക്ടറും വനിതാ സുഹൃത്തുമാണ് അറസ്റ്റിലായത്.
സസ്പെൻഷനിൽ കഴിയുന്ന എറണാകുളം തോപ്പുംപടി പോലീസ് ഇൻസ്‌പെക്ടർ ചങ്ങനാശ്ശേരി ചീനിക്കടുപ്പിൽ സി.ടി. സഞ്ജയ് (47), വനിതാ സുഹൃത്തും കോട്ടയത്തെ കാൻ അഷ്വർ സ്ഥാപന ഉടമയുമായ മല്ലപ്പള്ളി തുരുത്തിക്കാട് അപ്പക്കോട്ടമുറിയിൽ പ്രീതി മാത്യു (50) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കോട്ടയം വെസ്റ്റ് പോലീസ് ഇൻസ്‌പെക്ടർ കെ.ആർ പ്രശാന്ത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കർണാടകയിലെ കുടകിലെ ഒളിസങ്കേതത്തിൽനിന്നാണ് ഇവരെ പിടികൂടിയത്.
പ്രീതിയ്ക്കായി പോലീസ് കർണ്ണാടകയിൽ നടത്തിയ തിരച്ചിലിലാണ് ഒപ്പം താമസിച്ചിരുന്ന ഇൻസ്പെക്ടറും കുടുങ്ങിയത്.
പത്തനംതിട്ട കീഴ്വായ്പൂര് പോലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടറായി ജോലിനോക്കുന്നതിനിടെയാണ് പ്രീതിയുമായി ഇൻസ്പെക്ടർ അടുപ്പം സ്ഥാപിച്ചത്.
തുടർന്ന് ഇരുവരും തട്ടിപ്പിൽ പങ്കാളികളായി. കൂടുതൽ ആളുകളിൽനിന്ന് പണം തട്ടിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ് ഉത്തരവിട്ടു.
കോട്ടയം വെസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. തുടരന്വേഷണം കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സാജു വർഗീസ് ഏറ്റെടുത്തു.
കോട്ടയം ജില്ലയിൽ സ്ഥാപനത്തിനെതിരേ 14 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വയനാട്, ആലപ്പുഴ, തിരുവനന്തപുരം, എറണാകുളമടക്കം മറ്റ് ജില്ലകളിലും സമാനപരാതികൾ ഉണ്ട്. പോലീസ് പദവി ദുരുപയോഗം ചെയ്ത് ഇൻസ്പെക്ടർ തട്ടിപ്പിന് കളമൊരുക്കുകയായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി.
പ്രീതിയുടെ അക്കൗണ്ടിൽനിന്ന് ലക്ഷങ്ങൾ ഇൻസ്പെക്ടറുടെ അക്കൗണ്ടിലേയ്ക്ക് കൈമാറ്റം ചെയ്തതിന്റെ രേഖകളും പരസ്പരമുള്ള ഫോൺവിളികളുടെ രേഖകളും പോലീസ് ശേഖരിച്ചു.
യൂറോപ്പിലേയ്ക്ക് അടക്കം വിവിധ സ്ഥലങ്ങളിൽ ജോലി വാഗ്ദാനംചെയ്ത് ഒട്ടേറെ പേരിൽനിന്ന് കാൻ അഷ്വർ എന്ന സ്ഥാപനത്തിന്റെ പേരിൽ പണം വാങ്ങിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ട്യൂഷൻ ഇൻസ്റ്റിറ്റ്യൂട്ടായാണ് പ്രീതി കോട്ടയത്ത് സ്ഥാപനം തുടങ്ങിയത്.
ഇവർക്ക് വിദേശത്തേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യാൻ ലൈസൻസ് ഇല്ല. പോലീസിലെ പദവി ഉപയോഗിച്ച് പല ഉദ്യോഗാർഥികളെയും ഭീഷണിപ്പെടുത്തിയിരുന്നു. തലപ്പുലം സ്വദേശിയായ മധ്യവയസ്കയുടെ മകൾക്ക് യു.കെ.യിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് 8.6 ലക്ഷവും, സെക്രട്ടേറിയറ്റ് ജീവനക്കാരിയിൽനിന്ന് ഏഴ് ലക്ഷവും ഇവരുടെ വീട് ഉൾപ്പെടുന്ന 28 സെന്റ് സ്ഥലത്തിന്റെ ആധാരവും വാങ്ങി. ആധാരം പണയപ്പെടുത്തിയും ലക്ഷങ്ങൾ തട്ടിയെടുത്തു. ഈ വസ്തു ജപ്തി നടപടി നേരിടുകയാണ്.
ഇത്തരത്തിൽ നിരവധി തട്ടിപ്പ് വിവിധ സ്ഥലങ്ങളിൽ നടത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ ഒൻപത് കേസുകളും മറ്റ് സ്റ്റേഷനുകളിൽ അഞ്ച് കേസുകളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അതിനിടെ മറ്റൊരു കേസിൽ, യു.കെ.യിലേക്ക് കുടുംബ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് 44 ലക്ഷം തട്ടിയെടുത്ത കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ. പരാതിക്കാരിയായ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയിൽനിന്ന് അക്കൗണ്ട് വഴി പണം സ്വീകരിച്ച കല്പറ്റ ചുഴലി മാമ്പറ്റ പറമ്പിൽ സബീർ (25), കോട്ടത്തറ പുതുശ്ശേരിയിൽ അലക്സ് അഗസ്റ്റിൻ (25) എന്നിവരാണ് അറസ്റ്റിലായത്.
കർണാടക ഹുൻസൂരിൽ ഇഞ്ചിത്തോട്ടത്തിൽ ഒളിവിൽ കഴിയവേയാണ് ഇവർ പിടിയിലായത്. കേസിലെ ഒന്നാം പ്രതിയായ ഇൻസ്റ്റഗ്രാം ഇൻഫ്ലുവെൻസർ അന്ന ഗ്രേസ് ഓസ്റ്റിന്റെ നിർദേശപ്രകാരം പരാതിക്കാരി ഇരുവരുടെയും അക്കൗണ്ടുകളിലേക്ക് ഒൻപതുലക്ഷം രൂപ അയച്ചിരുന്നു.
യു.കെ.യിൽ കെയർ ടേക്കർ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിനിയായ യുവതിയിൽനിന്ന് ബന്ധുക്കളിൽ നിന്നുമായി 44,71,675 ലക്ഷം രൂപ അന്നയും ഭർത്താവ് ജോൺസൺ സേവ്യറും കൂട്ടാളികളും ചേർന്ന് തട്ടിയെടുത്തെന്നാണ് പരാതി. 2023 ഓഗസ്റ്റ് മുതൽ 2024 മേയ് വരെയുള്ള കാലയളവിലാണ് ഇത്രയും തുക കവർന്നത്. ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക്, യുട്യൂബ് എന്നിങ്ങനെയുള്ള സോഷ്യൽ മീഡിയ പേജുകൾ വഴിയുള്ള പരസ്യം കണ്ടാണ് ഇവരുമായി യുവതി ബന്ധപ്പെടുന്നത്. ഓട്ടിസം ബാധിച്ച കുട്ടിക്ക് യു.കെ.യിൽ മികച്ച ചികിത്സാസൗകര്യം ഒരുക്കി നൽകുമെന്നും കുടുംബത്തോടൊപ്പം അവിടെ താമസിക്കാമെന്നും വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.
കേസിൽ നേരത്തേ അറസ്റ്റിലായ അന്ന ഗ്രേസ് ഓസ്റ്റിന്റെ ഭർത്താവ് മുട്ടിൽ എടപ്പട്ടി കിഴക്കേപുരക്കൽ ജോൺസൺ സേവ്യറി (51)നെ കോടതി റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച കോഴിക്കോട്ടുനിന്നാണ് ജോൺസൺ സേവ്യറിനെ കല്പറ്റ പോലീസ് അറസ്റ്റു ചെയ്തത്. തുടർന്ന് തിങ്കളാഴ്ച വീണ്ടും ഹാജരാവണമെന്ന വ്യവസ്ഥയോടെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
തിങ്കളാഴ്ച വീണ്ടും കോടതിയിൽ ഹാജരായപ്പോൾ വാദം കേട്ട് കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജോൺസൺ സേവ്യറിനെ വൈത്തിരി സബ് ജയിലിലേക്ക് മാറ്റി. അന്ന ഗ്രേസ് ഓസ്റ്റിൻ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. അന്നയുടെ നിർദേശപ്രകാരം പല അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. ആറ്റിങ്ങൽ സ്വദേശിനിയിൽനിന്ന് മൂന്നേമുക്കാൽ ലക്ഷം രൂപ ഇത്തരത്തിൽ ജോൺസൺ സേവ്യറിന്റെ അക്കൗണ്ടിലേക്ക് വന്നതായും പോലീസ് കണ്ടെത്തി. അന്നയ്ക്കെതിരേ കളമശ്ശേരി, കൂരാച്ചുണ്ട് സ്റ്റേഷനുകളിലും കേസുണ്ട്.