ലണ്ടൻ: ബ്രിട്ടനിലെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രയ്ക്ക് ഏറെ സഹായകമായിരുന്ന ലണ്ടൻ- കൊച്ചി ഡയറക്ട് വിമാന സർവീസുകൾ എയർ ഇന്ത്യ നിർത്തലാക്കി. മാർച്ച് 30 മുതൽ ലണ്ടനിലെ ഗട്ട്വിക് വിമാനത്താവളത്തിൽനിന്നും കൊച്ചിയിലേക്ക് ഇപ്പോൾ നിലവിലുള്ള സർവീസുകൾ ഉണ്ടാകില്ല.
ആഴ്ചയിൽ മൂന്നു ദിവസമായിരുന്നു ഗാട്ട്വിക്കിൽനിന്നും കൊച്ചിയിലേക്കും തിരിച്ച് കൊച്ചിയിൽനിന്നും ഗാട്ട്വിക്കിലേക്കും എയർ ഇന്ത്യ ഡയറക്ട് സർവീസ് നടത്തിയിരുന്നത്.
സർവീസ് നിർത്തുന്നത് ഒരു കാരണവും പറയാതെ. കോവിഡ് കാലത്ത് വന്ദേഭാരത് മിഷന്റെ ഭാഗമായി തുടങ്ങിയ ഈ സർവീസ് തുടക്കത്തിൽ ആഴ്ചയിൽ ഒരെണ്ണമായിരുന്നു. എന്നാൽ പിന്നീട് യാത്രക്കാരുടെ എണ്ണം അനുദിനം വർധിച്ചുവരികയും ഇന്ത്യയിലേക്കുള്ള ഏറ്റവും ജനപ്രിയ റൂട്ടുകളിലൊന്നായി ഇതു മാറുകയും ചെയ്തതോടെ സർവീസ് ആഴ്ചയിൽ രണ്ടായും, പിന്നീട് മൂന്നായും ഉയർത്തുകയായിരുന്നു. ഇപ്പോൾ ന്യായമായ ഒരു കാരണവും പറയാതെയാണ് പൊടുന്നനെ സർവീസുകൾ നിർത്തലാക്കാനുള്ള തീരുമാനം എയർ ഇന്ത്യ കൈക്കൊണ്ടത്.
മാർച്ച് 30നുശേഷം ഈ റൂട്ടിൽ ബുക്കിങ് എടുക്കുന്നില്ല. നേരത്തെ ഈ സർവീസുകളിൽ ടിക്കറ്റ് ബുക്കു ചെയ്തിരുന്നവർക്ക് മറ്റു വഴികളിലൂടെ യാത്ര ഒരുക്കാമെന്ന ഉറപ്പു നൽകുകയും ചെയ്തു. ഇത് സ്വീകാര്യമല്ലാത്തവർക്ക് ടിക്കറ്റ് ചാർജ് തിരികെ നൽകും. ചുരുങ്ങിയ കാലംകൊണ്ട് നാട്ടിലേക്കുള്ള ലൈഫ് ലൈനായി മാറിയ എയർ ഇന്ത്യ സർവീസുകൾ നിർത്തലാക്കിയതിന്റെ നിരാശയിലും സങ്കടത്തിലുമാണ് ബ്രിട്ടനിലെ മലയാളികൾ ഒന്നടങ്കം.