ന്യൂഡൽഹി: യാത്രയ്ക്കിടെ ഹലാൽ ഭക്ഷണം വിതരണം ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി എയർ ഇന്ത്യ. ഇനി തിരഞ്ഞെടുത്ത റൂട്ടുകളിൽ മാത്രമേ ഹലാൽ ഭക്ഷണം നൽകുകയുള്ളൂ എന്നാണ് വിമാനക്കമ്പനിയുടെ പ്രതികരണം. മുസ്ലീങ്ങൾ അല്ലാത്ത യാത്രികർക്ക് ഹലാൽ ഭക്ഷണം നൽകേണ്ടതില്ലെന്നാണ് കമ്പനിയുടെ തീരുമാനം.
ആഭ്യന്തര സർക്കുലർ ഇറക്കിയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ഇനി മുതൽ ഹജജ് തീർത്ഥാടനം, സൗദി അറേബ്യ റൂട്ടുകളിലേക്കുള്ള വിമാനങ്ങളിൽ ആകും ഹലാൽ ഭക്ഷണം നൽകുക. ഇതിനായി മുൻകൂട്ടി ബുക്ക് ചെയ്യണം എന്നാണ് എയർ ഇന്ത്യ നിർദ്ദേശിക്കുന്നത്. ഹലാൽ ഭക്ഷണമാണെന്ന് വ്യക്തമാക്കുന്ന സ്റ്റിക്കറുകളോട് കൂടിയാകും ഭക്ഷണം നൽകുക.
അതേസമയം സൗദി സെക്ടറുകളിലെ വിമാനങ്ങളിൽ എല്ലാ ഭക്ഷണ വിഭവങഅങളും ഹലാൽ ആയിരിക്കും. ജിദ്ദ, ദമാം, റിയാദ്, മദീന എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിലെ ഭക്ഷണങ്ങൾക്കും ഹലാൽ സർട്ടിഫിക്കേറ്റ് നൽകുമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.
അടുത്തിടെ വിമാന കമ്പനിയായ വിസ്താര ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം. യാത്രക്കാർക്ക് കൂടുതൽ പരിഗണന നൽകുന്നുവെന്ന തോന്നൽ ഉണ്ടാക്കി എടുക്കുക കൂടി പുതിയ തീരുമാനത്തിന്റെ ലക്ഷ്യമാണ്. വിസ്താരയുമായി ലയിച്ച സാഹചര്യത്തിൽ എയർ ഇന്ത്യ കൂടുതൽ ബൃഹത് ആയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഭക്ഷണ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും എയർ ഇന്ത്യ വ്യക്തമാക്കി.