ഇറാനെ ആക്രമിക്കുന്നതിന് ഇസ്രയേല്‍ തയ്യാറാക്കിയ അതീവ രഹസ്യരേഖയും ഒടുവില്‍ ഇപ്പോള്‍ ചോര്‍ന്നിരിക്കുകയാണ്. ലോകത്തെ സകല രഹസ്യങ്ങളും ചോര്‍ത്തുന്ന അമേരിക്കയെയും ഇസ്രയേലിനെയും ഈ സംഭവം ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. ഇറാനെതിരെ ഇസ്രയേല്‍ നടത്തുന്ന തയ്യാറെടുപ്പുകളെക്കുറിച്ചുള്ള ഉയര്‍ന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളാണ് ഓണ്‍ലൈനില്‍ ചോര്‍ന്നിരിക്കുന്നത്. ഇത് സംബന്ധമായി ഇതിനകം തന്നെ അമേരിക്കയുടെയും ഇസ്രയേലിന്റെയും രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയതായാണ് പ്രമുഖ അമേരിക്കന്‍ മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇസ്രയേല്‍ ഇറാനെ ആക്രമിക്കുമെന്ന് പ്രഖ്യാപിക്കുകയും അങ്ങനെ സംഭവിച്ചാല്‍ പരിധികളില്ലാത്ത തിരിച്ചടിക്ക് തയ്യാറായി ഇറാനും നില്‍ക്കുന്ന സാഹചര്യത്തിനിടയിലാണ് ഇസ്രയേലിനെ കുഴപ്പത്തിലാക്കുന്ന ചോര്‍ത്തല്‍ സംഭവിച്ചിരിക്കുന്നത്. ഒക്ടോബര്‍ 18ന് രണ്ട് സുപ്രധാന രേഖകള്‍ മിഡില്‍ ഈസ്റ്റ് സ്‌പെക്‌റ്റേറ്റര്‍ എന്ന ടെലിഗ്രാം ചാനലിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതൊരു അജ്ഞാത ചാനലാണെന്നാണ് മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ ടെലിഗ്രാം ചാനല്‍ മേഖലയിലെ സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ഇസ്രയേലിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നതാണ്.
പുറത്തുവിട്ട രേഖകളില്‍ ഒന്ന് അമേരിക്കന്‍ സൈനിക ആസ്ഥാനമായ പെന്റഗണിന്റെ നാഷണല്‍ ജിയോ സ്‌പേഷ്യല്‍-ഇന്റലിജന്‍സ് ഏജന്‍സി തയ്യാറാക്കിയ ഫയലിലേതാണ്. ”ഒക്ടോബര്‍ 16 ന് ഇറാനെതിരായ ഒരു ആക്രമണത്തിനായി പ്രധാന യുദ്ധോപകരണ തയ്യാറെടുപ്പുകളും രഹസ്യ യുഎവി പ്രവര്‍ത്തനവും ഇസ്രയേല്‍ നടത്തിയിട്ടുണ്ട് എന്ന കാര്യവും ഈ ഫയലില്‍ പറയുന്നുണ്ട്. രണ്ടാമത്തെ രേഖയില്‍ ഒക്ടോബര്‍ 15-16 തീയതികളില്‍ ഇസ്രയേലി വ്യോമസേന നടത്തിയ ആക്രമണ പരിശീലനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ വിശദമായ റിപ്പോര്‍ട്ടാണുള്ളത്.
പേര് വെളിപ്പെടുത്താത്ത ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ തങ്ങളോട് പുറത്തുവന്ന ഈ രേഖകളുടെ ആധികാരികത സ്ഥിരീകരിച്ചതായാണ് സി.എന്‍.എന്‍ പറയുന്നത്. ഈ ചോര്‍ച്ച ‘ആഴത്തില്‍ ആശങ്കപ്പെടുത്തുന്നു’ എന്ന് ചൂണ്ടിക്കാട്ടിയ പ്രസ്തുത ഉദ്യോഗസ്ഥന്‍ സോഷ്യല്‍ മീഡിയയിലേക്ക് എത്തപ്പെട്ട അതിരഹസ്യമായ ഫയലുകളിലേക്ക് ആര്‍ക്കൊക്കെ ആക്‌സസ്സ് ഉണ്ടെന്ന് കണ്ടെത്താനാണ് നിലവിലെ അന്വേഷണം ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, രേഖകള്‍ പ്രസിദ്ധീകരിച്ച ടെലിഗ്രാം ചാനല്‍ ശനിയാഴ്ച ഒരു പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. അജ്ഞാത ഉറവിടത്തില്‍ നിന്നാണ് തങ്ങള്‍ക്ക് രേഖകള്‍ ലഭിച്ചതെന്നും എന്നാല്‍ ഫയല്‍ ചോര്‍ത്തിയവരുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നുമാണ് ചാനല്‍ അവകാശപ്പെടുന്നത്.
ഈ രേഖ പുറത്തുവന്നത് ഇസ്രയേലിന്റെ പ്ലാനിങുകള്‍ തെറ്റിക്കുക മാത്രമല്ല ശത്രുക്കളുടെ ചാരന്‍മാര്‍ ഇസ്രയേലിലും അമേരിക്കയിലും ഉണ്ടെന്നുള്ളതിന് കൂടി തെളിവായും വിലയിരുത്തപ്പെടുന്നുണ്ട്. ഇറാനില്‍ സൈബര്‍ ആക്രമണം നടത്തിയ ഇസ്രയേലിന്റെയും അവരുടെ ഗോഡ്ഫാദര്‍ ചമയുന്ന അമേരിക്കയുടെയും സൈബര്‍ മേഖലയിലെ കഴിവും തീര്‍ച്ചയായും ഇതോടെ ഇനി ചോദ്യം ചെയ്യപ്പെടും. ഇറാനെതിരെ എങ്ങനെ എപ്പോള്‍ തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും ആണവ – എണ്ണ കേന്ദ്രങ്ങള്‍ക്ക് പകരം ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായാണ് ഏറ്റവും ഒടുവിലായി പുറത്ത് വന്നിരുന്ന വിവരം.