ചെന്നൈ: ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകും. ഇത് സംബന്ധിച്ച് സ്റ്റാലിന്റെ കുടുംബത്തിൽ ധാരണയായി എന്നാണ് വിവരം.
ഉദയനിധിയെ ഉപമുഖ്യമന്ത്രിയായി ഈ ആഴ്ച പ്രഖ്യാപിക്കുമെന്നാണ് വിവരം. നിലവിൽ യുവജന ക്ഷേമം, കായിക വകുപ്പുകളാണ് ഉദയനിധിക്ക് നൽകിയിട്ടുള്ളത്.
മുതിർന്ന ഡിഎംകെ നേതാക്കളെ അടക്കം ഇക്കാര്യം അറിയിച്ചതായാണ് സൂചന. തമിഴ്നാട്ടിൽ സ്റ്റാലിൻ മന്ത്രിസഭയിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനായ ഉദയനിധി ആദ്യം ഇടംപിടിച്ചിരുന്നില്ല.
പീന്നീടാണ് അദ്ദേഹത്തിന് കായിക, യുവജന ക്ഷേമ വകുപ്പുകൾ നൽകി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. ചെപ്പോക്ക് – തിരുവല്ലിക്കേണി മണ്ഡലത്തിൽനിന്നുള്ള അംഗമാണ് ഉദയനിധി സ്റ്റാലിൻ.
നിങ്ങൾ വിചാരിക്കുന്ന കാര്യം സംഭവിക്കുന്ന സാഹചര്യമുണ്ടാകുമെന്നായിരുന്നു കഴിഞ്ഞദിവസം സ്റ്റാലിൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. മന്ത്രിസഭാ പുനസംഘടന ഉണ്ടാകുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.