Nursing and Midwifery Board of Ireland (NMBI) തെരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റിലേയ്ക്ക് മത്സരിക്കാന്‍ മലയാളി നഴ്‌സ് ജാനറ്റ് ബേബി ജോസഫ്. കോര്‍ക്ക് യൂണിവേഴ്സിറ്റി മെറ്റേര്‍ണിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ജാനറ്റ് ബേബി ജോസഫ് കോര്‍ക്ക് ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്റെ പ്രസിഡന്റും INMO HSE കോര്‍ക്ക് ബ്രാഞ്ച് എക്സിക്യുട്ടീവ് മെമ്പറുമാണ്. നിലവില്‍ കോര്‍ക്കില്‍ നിന്നും നേഴ്സിംഗ് ബോര്‍ഡില്‍ പ്രാധിനിത്യം കുറവായതിനാല്‍ അവശ്യ സാഹചര്യങ്ങളില്‍ നേഴ്സുമാര്‍ക്കായി ശബ്ദിക്കാന്‍ ഒരാള്‍ എന്ന നിലയിലാണ് ജാനറ്റ് ബേബി ജോസഫ് ഈ വോളണ്ടറി പോസ്റ്റിലേക്ക് മത്സരിക്കുന്നത്.
അയര്‍ലണ്ടില്‍ നേഴ്സിംഗ് രജിസ്ട്രേഷനായി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പരിശീലനവും അഡാപ്റ്റേഷന്‍ ചെയ്യുന്നവര്‍ക്ക് ആവശ്യമായ മോട്ടിവേഷന്‍, കൗണ്‍സിലിംഗ് തുടങ്ങിയ കാര്യങ്ങള്‍ ചെയ്തുവരുന്ന ജാനറ്റ് ബേബി ജോസഫ് IRP കാര്‍ഡ് സംബന്ധിച്ച തടസങ്ങള്‍ നീക്കുന്നതിനായി നടന്ന സമരങ്ങളില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നു. മാതാപിതാക്കളുടെ വിസ ദീര്‍ഘിപ്പിക്കുന്നതിനാവശ്യമായ നടപടികളുടെ മുന്നേറുകയാണ് കോര്‍ക്കിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകയായ ജാനറ്റ് ബേബി ജോസഫ്. വിവിധങ്ങളായ സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ അയര്‍ലണ്ടിലെ നേഴ്സുമാര്‍ക്കിടയില്‍ ചിരപരിചിതയായ ജാനറ്റിന്റെ പിന്തുണയും സഹായവും നിരവധി പേരുടെ ജീവിതത്തെ ഇതിനോടകം സ്പർശിച്ചു ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വിജയിയാകാൻ സാധ്യതയുള്ള ഒരാളായി മാറാന്‍ ഏറെ സഹായിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ജാനറ്റ്.
NMBI ബോർഡ് അംഗത്തിന് സാമ്പത്തിക ലാഭമൊന്നും ലഭിക്കാത്തതും സമയവും പ്രതിബദ്ധതയും ഏറെ ആവശ്യവുമാണെങ്കിലും ഇതിലൂടെ അയർലണ്ടിലെ നഴ്സുമാരെയും രാജ്യത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരെയും പിന്തുണയ്ക്കുന്നതിന് അവസരം ലഭിക്കുമെന്നതിനാല്‍ ജാനറ്റ് ആവേശത്തിലാണ്.
കോഴിക്കോട് നിന്നും നേഴ്സിംഗില്‍ ബിരുദവും , ബാംഗ്ലൂര്‍ സെ.ജോണ്‍സില്‍ നിന്നും എം.എസ്.സിയും പൂര്‍ത്തിയാക്കി 2016 ലാണ് ജാനറ്റ് അയര്‍ലണ്ടില്‍ എത്തിയത് . കണ്ണൂര്‍ കൊയ്‌ലി ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്നു. സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 2 വരെയാണ് NMBI തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യത്ത് NMBI-ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ നഴ്‌സുമാര്‍ക്കും, മിഡ് വൈഫുമാര്‍ക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ്. വോട്ടിങ്ങ് സംബന്ധിച്ച വിവരങ്ങള്‍ NMBI വരും ദിവസങ്ങളില്‍ നേഴ്സുമാരെ അറിയിക്കും.
വാര്‍ത്ത : ബിജോയി പുല്ലുകാലായില്‍