വാട്ടർഫോർഡ്: ഒത്തൊരുമയുടെയും സൗഹൃദത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമായ ഓണത്തിനായി വാട്ടർഫോർഡ് മലയാളികളും ഒരുങ്ങി.വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ(WMA) ഓണാഘോഷ പരിപാടികൾ അതിവിപുലമായി നാളെ
(സെപ്റ്റംബർ 8 ഞായറാഴ്ച ) വാട്ടർഫോർഡ് ബാലിഗണർ GAA ക്ലബ്( Eircode X91R863) ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. രാവിലെ 11 ന് ആരംഭിക്കുന്ന ഓണാഘോഷം രാത്രി ഏഴുമണിയോടുകൂടി പരിസമാപിക്കുന്നതാണ്. ജനപങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും അസോസിയേഷൻറെ മുൻവർഷങ്ങളിലെ ഓണാഘോഷ പരിപാടികൾ ഏറെ ശ്രദ്ധ നേടിയിരുന്നു.
“ശ്രാവണം -24” ൻ്റെ ഉദ്ഘാടനം നിർവഹിക്കുന്നത് വാട്ടർഫോർഡ് കൗണ്ടി മേയർ ജയ്സൺ മർഫിയാണ് .കൗൺസിലർ ഏമൺ ക്വിൻലോൻ,മിസ് കേരള അയർലണ്ടായി തിരഞ്ഞെടുക്കപ്പെട്ട റിറ്റി സൈഗോയും മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുക്കും. അത്തപ്പൂക്കളം, തിരുവാതിര, കിൽക്കെനി ആട്ടം കലാസമിതിയുടെ ചെണ്ടമേളം, മാവേലി എഴുന്നള്ളത്ത്, ഫ്യൂഷൻ ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, കായിക മത്സരങ്ങൾ,
വടംവലി തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ ഓണാഘോഷ പരിപാടികളുടെ മാറ്റുകൂട്ടും. മലയാളി മങ്ക, മലയാളി മാരൻ എന്നീ മത്സരങ്ങൾ ഇത്തവണത്തെ പ്രത്യേകതകളാണ്.
വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം “ശ്രാവണം -24″ന് മാറ്റു കൂട്ടുവാൻ പ്രശസ്ത സിനിമാ-സീരിയൽ താരങ്ങളായ പ്രശാന്ത് കാഞ്ഞിരമറ്റം, ബൈജു ജോസ്, കലാഭവൻ ജോഷി ഗായകരായ ഷിനോ പോൾ, ശ്രീലക്ഷ്മി എന്നിവർ അണിനിരക്കുന്ന “ഓൺ- ആഘോഷം” സ്റ്റേജ് പ്രോഗ്രാമും അരങ്ങേറുന്നതാണ്.
വാട്ടർഫോർഡിലെ മുഴുവൻ മലയാളികളെയും ഓണാഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി WMA കമ്മിറ്റി അറിയിച്ചു.
(വാർത്ത – ഷാജു ജോസ്)