ഡിജിറ്റൽ പേയ്‌മെൻ്റ് വർദ്ധിപ്പിക്കുക ലക്ഷ്യമിട്ട് നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) “UPI സർക്കിൾ” എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചു. പ്രൈമറി യൂസർക്ക് തങ്ങളുടെ യുപിഐ അക്കൗണ്ടിൽ കുടുംബാംഗത്തെയോ അല്ലെങ്കിൽ മറ്റ് ആരെയെങ്കിലോ സെക്കണ്ടറി യൂസറായി ചേർക്കാൻ കഴയുന്നതാണ് യുപിഐ സർക്കിൾ. സെക്കണ്ടറി യൂസർക്ക് പ്രൈമറി യൂസറുടെ യുപിഐയിലൂടെ ഇടപാടുകൾ നടത്താം. എന്നാൽ ഇതിൻ്റെ പരിധി നിശ്ചയിക്കാൻ പ്രൈമറി യൂസർക്ക് സാധിക്കും. സ്വന്തമായി ബാങ്ക് അക്കൗണ്ടുകളില്ലാത്തവരോ ഡിജിറ്റൽ പേയ്‌മെൻ്റുകൾ ഉപയോഗിക്കാൻ മടിക്കുന്നവരോ ആയവർക്ക് യുപിഐ ഇടപാടുകളുടെ സൗകര്യം ലഭ്യമാക്കുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
യുപിഐ സർക്കിൾ സവിശേഷതകൾ
പ്രൈമറി യൂസർക്ക് കുടുംബാംഗങ്ങളോ ജീവനക്കാരോ പോലുള്ള സെക്കണ്ടറി ഉപയോക്താക്കൾക്ക് പേയ്‌മെൻ്റ് അംഗീകാരം നൽകാം. ഇങ്ങനെ അംഗീകാരം നൽകുന്നവർക്ക് പ്രൈമറി ഉപയോക്താവിൻ്റെ അക്കൗണ്ടിൽ നിന്ന് നേരിട്ട് ഇടപാടുകൾ നടത്താനാകും. കുട്ടികൾക്ക് അലവൻസ് നൽകുന്ന രക്ഷിതാക്കൾക്കും ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നതിൽ ജാഗ്രത പുലർത്തുന്ന മുതിർന്ന പൗരന്മാർക്കും തങ്ങളുടെ ജീവനക്കാർക്ക് ചെറിയ പണം കൈകാര്യം ചെയ്യേണ്ട ബിസിനസ്സ് ഉടമകൾക്കും പുതിയ സംവിധാനം പ്രയോജനകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
അതേസമയം എല്ലാ സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ടെന്നാണ് എൻപിസിഐ പറയുന്നത്. ഒരിക്കൽ ചേർത്തുകഴിഞ്ഞാൽ, പ്രൈമറി ഉപയോക്താക്കൾക്ക് ചെലവ് പരിധി നിശ്ചയിക്കുന്നതിനോ അല്ലെങ്കിൽ ഓരോ ഇടപാടിനും അംഗീകാരം നൽകാനോ ഉള്ള ഓപ്ഷൻ ഉണ്ടായിരിക്കും. “സ്‌പെൻഡ് വിത്ത് ലിമിറ്റ് (പരിമിതികളോടെ ചെലവഴിക്കുക), അപ്രൂവ് എവരി പേയ്‌മെൻ്റ് (എല്ലാ ഇടപാടുകളും അംഗീകരിക്കുക)” ഓപ്ഷനുകളാണ് ഇതിനായി നൽകിയിരിക്കുന്നത്.
യുപിഐ സർക്കിളിൽ പരമാവധി പ്രതിമാസ പരിധി 15,000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ഒരു ഇടപാട് 5,000 രൂപയിൽ കവിയാൻ പാടില്ല. കൂടാതെ, ആദ്യ 24 മണിക്കൂറിൽ സെക്കണ്ടറി യൂസറുടെ പരിധി 5,000 രൂപയാണ്.