സൗത്ത്പോർട്ട് കത്തിയാക്രമണത്തിലെ പ്രതി കുടിയേറ്റക്കാരാണെന്ന വ്യാജപ്രചരണത്തെ തുടർന്ന് ബ്രിട്ടനിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭപരമ്പരകൾ ശമനമില്ലാതെ തുടരുകയാണ്. മൂന്നുപെൺകുട്ടികളുടെ കൊലപാതകത്തെത്തുടർന്ന് തുടങ്ങിയ കലാപം ബ്രിട്ടനിലെ കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. 13 വർഷത്തിനിടെ രാജ്യംകണ്ട വലിയ കലാപമായി മാറുകയാണിത്. കഴിഞ്ഞയാഴ്ച സൗത്ത്‌പോർട്ടിൽവെച്ച് അക്സൽ റുഡാകുബാന എന്ന പതിനേഴുകാരൻ മൂന്നുപെൺകുട്ടികളെ കുത്തിക്കൊലപ്പെടുത്തിയ സംഭവമാണ് കലാപത്തിന് കാരണം. ആക്രമണത്തിൽ പത്തുപേർക്ക് പരിക്കേറ്റിരുന്നു.
കൊലപാതകിയെക്കുറിച്ച് പ്രചരിച്ച തെറ്റായ വിവരങ്ങളാണ് ബ്രിട്ടനിലെ തീവ്രവലതുപക്ഷാനുകൂലികളെ തെരുവിലേക്കെത്തിച്ചത്. കല്ലേറും പടക്കമേറും കട തീവയ്ക്കലും ഹോട്ടൽ ആക്രമണങ്ങളും ഉൾപ്പെടെയുള്ള സംഭവങ്ങളിൽ നൂറോളം അറസ്റ്റുകളാണ് ഇതിനോടകം രേഖപ്പെടുത്തിയിരിക്കുന്നത്. മുസ്‍ലിംപള്ളികൾക്കുനേരേയും പ്രക്ഷോഭകാരികൾ അക്രമം അഴിച്ചുവിട്ടു. കുടിയേറ്റവിരുദ്ധ പ്രചാരണവും ശക്തമായി.
കലാപം ശനിയാഴ്ച കൂടുതൽ നഗരങ്ങളിലേക്ക് പടർന്നു. ഇതോടെ, പുതിയ പ്രധാനമന്ത്രി കെയ്ർ സ്റ്റാമറിന് കലാപം നിയന്ത്രിക്കുന്നത് ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. നിറത്തിന്റെ പേരിൽ ജനങ്ങൾ ഭീതിയനുഭക്കുന്നത് ശരിയല്ലെന്നും നടപടിയെടുക്കുമെന്നും സർക്കാർ അറിയിച്ചു.
കലാപം രൂക്ഷമായ ലിവർപൂൾ, മാഞ്ചസ്റ്റർ, ബ്രിസ്റ്റൾ, ബ്ലാക്ക്പൂൾ, ഹൾ എന്നിവിടങ്ങളിൽ 100-ഓളംപേരെ അറസ്റ്റുചെയ്തു. കലാപകാരികൾ പോലീസുകാരെ ആക്രമിക്കുകയും കടകൾ കൊള്ളയടിക്കുകയും ചെയ്തു.
2011-ൽ നോർത്ത് ലണ്ടനിൽ ഒരു കറുത്തവംശജനെ പോലീസ് വെടിവെച്ചുകൊന്നതിനെത്തുടർന്നായിരുന്നു രാജ്യത്ത് ഇതിനുമുൻപ് സമാനരീതിയിൽ കലാപമുണ്ടായത്. രാജ്യത്തിനാകെ ദുഃഖമുണ്ടാക്കിയ സംഭവത്തെ വിദ്വേഷത്തിന്റെ വിത്തുവിതയ്ക്കാൻ സാമൂഹവിരുദ്ധർ ഉപയോഗിക്കുകയാണെന്ന് പ്രധാനമന്ത്രി സ്റ്റാമർ ആരോപിച്ചു.