ഇന്ത്യ : മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലെ തകരാറിനെ തുടര്‍ന്ന് ആഗോളതലത്തില്‍ വിവിധ സേവനങ്ങള്‍ തടസപ്പെട്ടു. ഡല്‍ഹി, മുംബൈ,ബെംഗളൂരു വിമാനത്താവളങ്ങളില്‍ വിവിധ വ്യോമയാന കമ്പനികളുടെ പ്രവര്‍ത്തനങ്ങളും തടസപ്പെട്ടു.
ഇന്‍ഡിഗോ, ആകാശ, സ്‌പൈസ്‌ജെറ്റ്,എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ കമ്പനികളുടെ ചെക്ക് ഇന്‍ ജോലികള്‍ താറുമാറായി. ബുക്കിങ്, ചെക്ക് ഇന്‍, ബുക്കിങ് സേവനങ്ങള്‍ കൈകാര്യം ചെയ്യല്‍ എന്നിവയാണ് താല്‍കാലികമായി തടസപ്പെട്ടതെന്ന് ആകാശ എയര്‍ലൈന്‍സ് അധികൃതര്‍ പറയുന്നു. യാത്രക്കാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മാന്വല്‍ ചെക്കിന്‍ നടപടികളിലേക്ക് മാറിയിരിക്കുകയാണ് കമ്പനികള്‍. മറ്റ് കമ്പനികളും ഉപഭോക്താക്കളോട് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.
ആഗോളതലത്തില്‍ വിവിധ വാണിജ്യ സ്ഥാപനങ്ങളുടെയും സേവനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിട്ടുണ്ട്. യുഎസില്‍ വിവിധ വിമാനക്കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു. വിമാന സർവീസുകൾ നിർത്തിവെച്ചു. ഓസ്ട്രേലിയയിലാണ് പ്രശ്നം കൂടുതൽ രൂക്ഷം. ഓസ്‌ട്രേലിയയിലും ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങളുടേ സേവനങ്ങള്‍ തടസപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബാങ്കുകളുടേയും സൂപ്പർമാർക്കറ്റുകളുടേയും സേവനങ്ങൾ തടസപ്പെട്ടു. ലണ്ടൻ സ്റ്റോക്ക് എക്സേഞ്ചിനേയും പ്രശ്നം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ബ്രിട്ടീഷ് ന്യൂസ് ചാനലായ സ്കൈ ന്യൂസ് പ്രക്ഷേപണം നിർത്തിവെച്ചു. യൂറോപ്പിൽ ബർലിൻ, ആസ്റ്റർഡാം വിമാനത്താവളങ്ങളിൽ വിമാന സർവീസ് നിർത്തിവെച്ചു.
പ്രശ്‌നത്തിന് കാരണമെന്ത്?
വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഉപയോഗിക്കുന്ന ഫാല്‍ക്കണ്‍ സെന്‍സര്‍ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തതോടെയാണ് പ്രശ്‌നം ആരംഭിച്ചതെന്നാണ് കണ്ടെത്തല്‍. യുഎസ് സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്രൗഡ് സ്‌ട്രൈക്കിന്റേതാണ് ഫാല്‍ക്കണ്‍ സെന്‍സര്‍.