146 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 2024 അധ്യയന വർഷത്തേക്കുള്ള അഭിമാനകരമായ ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് ലഭിച്ചു. യൂറോപ്യൻ യൂണിയൻ ധനസഹായം നൽകുന്ന ഈ സ്കോളർഷിപ്പ് യൂറോപ്പിൽ രണ്ട് വർഷത്തെ മാസ്റ്റേഴ്സ് ചെയ്യാൻ വിദ്യാർത്ഥികളെ സഹായിക്കും. വിവിധ രാജ്യങ്ങളിലെ ഒന്നിലധികം സർവകലാശാലകളിൽ പഠിക്കാൻ അവർക്ക് അവസരം ലഭിക്കും.
സമതുലിതമായ ലിംഗ പ്രാതിനിധ്യത്തിന്റെ പ്രതിഫലനം എന്നോണം ഈ വർഷം സ്വീകർത്താക്കളിൽ 75 സ്ത്രീകളും 71 പുരുഷന്മാരും ഉൾപ്പെടുന്നു. ഈ വർഷം 20-ാം വാർഷികം ആഘോഷിക്കുന്ന ഇറാസ്മസ് മുണ്ടസ് ജോയിന്റ് മാസ്റ്റേഴ്സ് പ്രോഗ്രാം അന്താരാഷ്ട്ര വിദ്യാഭ്യാസവും സാംസ്കാരിക വിനിമയവും പ്രോത്സാഹിപ്പിക്കുന്നതിൽ ഒരു സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. 2004-ൽ ആരംഭിച്ചതുമുതൽ, ഈ പ്രോഗ്രാമിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ഇന്ത്യയാണ്. 2,000-ത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇതിനോടകം സ്കോളർഷിപ്പ് ലഭിച്ചിട്ടുണ്ട്.
ഇറാസ്മസ് മുണ്ടസ് സ്കോളർഷിപ്പ് വളരെ മത്സരാധിഷ്ഠിതമാണ്. ഈ വർഷം 137 രാജ്യങ്ങളിൽ നിന്നുള്ള 2,603 വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്. വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ കുറഞ്ഞത് രണ്ട് സർവ്വകലാശാലകളിൽ വിദ്യാർത്ഥികൾ പഠിക്കേണ്ടതിനാൽ ഈ പ്രോഗ്രാം അവർക്ക് ഒരു അദ്വിതീയ വിദ്യാഭ്യാസ അനുഭവം പ്രദാനം ചെയ്യും. ഇത് അവരുടെ അക്കാദമിക് അറിവ് വർദ്ധിപ്പിക്കുക മാത്രമല്ല, അവർക്ക് സമ്പന്നമായ സാംസ്കാരിക അനുഭവം നൽകുകയും ചെയ്യും. സ്കോളർഷിപ്പ് സ്വീകർത്താക്കൾക്കുള്ള പഠന മേഖലകൾ വൈവിധ്യമാർന്നതാണ്. സുസ്ഥിരതയും ഫാർമസ്യൂട്ടിക്കൽസും മുതൽ എഞ്ചിനീയറിംഗ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ഡാറ്റ സയൻസ്, വിവിധ STEM, സോഷ്യൽ സയൻസ് വിഭാഗങ്ങൾ ഇതിലുൾപ്പെടുന്നു.
ട്യൂഷൻ ഫീസ്, യാത്രാ ചെലവുകൾ, ജീവിത അലവൻസുകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും സ്കോളർഷിപ്പ് വഹിക്കും. ഇത് വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിലും ഗവേഷണത്തിലും പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്നു. വിദ്യാർത്ഥികൾക്ക് അത്യാധുനിക വിദ്യാഭ്യാസ, ഗവേഷണ സൗകര്യങ്ങൾ, അന്തർദേശീയ എക്സ്പോഷർ, മൂല്യവത്തായ പ്രൊഫഷണൽ നെറ്റ്‌വർക്കുകൾ എന്നിവയിലേക്ക് പ്രവേശനം നൽകുന്നതിനാണ് ഈ സമഗ്ര പിന്തുണാ സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വർഷങ്ങളായി, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 6,000-ലധികം ഷോർട്ട് ആൻഡ് ലോങ്ങ് ടേം ഇറാസ്മസ് + സ്‌കോളർഷിപ്പുകൾ നൽകപ്പെട്ടു.
ഈ നേട്ടവും ഇയുവും ഇന്ത്യയും തമ്മിലുള്ള വളർന്നുവരുന്ന ബന്ധവും ആഘോഷിക്കുന്നതിനായി, യൂറോപ്യൻ യൂണിയന്റെ ഇന്ത്യയിലേക്കുള്ള പ്രതിനിധി സംഘം ഗ്രാന്റികൾക്കായി ഒരു പരിപാടി സംഘടിപ്പിച്ചു. രണ്ട് പ്രദേശങ്ങൾ തമ്മിലുള്ള ആളുകൾ തമ്മിലുള്ള ബന്ധത്തിന്റെയും ചലനാത്മകതയുടെയും പ്രാധാന്യത്തെ ഈ പരിപാടി എടുത്തുകാട്ടി. ഇന്ത്യയിലെ യൂറോപ്യൻ യൂണിയന്റെ അംബാസഡർ ഹെർവ് ഡെൽഫിൻ വിജയികളെ അഭിനന്ദിക്കുകയും യൂറോപ്പിൻന്റെ വൈവിധ്യമാർന്ന അക്കാദമിക് ഓഫറുകൾ, സമ്പന്നമായ സാംസ്കാരിക പൈതൃകം, വ്യക്തിപരവും തൊഴിൽപരവുമായ വളർച്ചയ്ക്കുള്ള സമാനതകളില്ലാത്ത അവസരങ്ങൾ എന്നിവയെ അഭിനന്ദിക്കുകയും ചെയ്തു.
തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ ഈ സെപ്റ്റംബർ മുതൽ യൂറോപ്പിൽ അവരുടെ അന്താരാഷ്ട്ര ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഈ നാഴികക്കല്ല് വിദ്യാർത്ഥികൾക്ക് ഒരു സുപ്രധാന നേട്ടം അടയാളപ്പെടുത്തുക മാത്രമല്ല, ഉന്നത വിദ്യാഭ്യാസത്തിലും അന്താരാഷ്ട്ര സഹകരണത്തിലും ഇറാസ്മസ് മുണ്ടസ് പ്രോഗ്രാമിന്റെ നല്ല സ്വാധീനത്തെ അടിവരയിടുകയും ചെയ്യുന്നു. 4,000-ത്തിലധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള യൂറോപ്പ് അക്കാദമിക് മികവിനും ഗവേഷണത്തിനുമുള്ള ഒരു അഭിവൃദ്ധി കേന്ദ്രമായി തുടരുന്നു.