ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ പ്രാര്‍ഥനാ യോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 121 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇരുപത്തെട്ടോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരില്‍ ഭൂരിഭാഗം പേരെയും തിരിച്ചറിഞ്ഞതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ‘സത്സംഗ’ (പ്രാര്‍ത്ഥനായോഗം) നടക്കുന്നതിനിടെയാണ് തിക്കും തിരക്കുമുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമിതിയെ നിയോഗിച്ചു.
ഹാഥ്‌റസ് ജില്ലയിലെ സിക്കന്ദ്ര റാവു പ്രദേശത്തുള്ള രതി ഭാന്‍പൂര്‍ ഗ്രാമത്തില്‍ പ്രത്യേകം തയ്യാറാക്കിയ കൂടാരത്തില്‍ ഭോലെ ബാബ എന്ന മതപ്രഭാഷകന്‍ തന്റെ അനുയായികളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് സംഭവം. കനത്ത ചൂടിനിടെയായിരുന്നു പരിപാടി. തിരക്ക് കാരണം ആളുകള്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും ചിലര്‍ പുറത്തേക്ക് ഓടാന്‍ തുടങ്ങിയതോടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആളുകൾക്ക് അപകടമുണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
ദുരന്തവുമായി ബന്ധപ്പെട്ട് ഭോലെ ബാബയെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം. സൂരജ് പാല്‍ എന്നാണ് ഭോലെ ബാബയുടെ യഥാര്‍ഥ പേര്. സത്സംഗം സംഘാടകര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് അലഗഢ് ഐ.ജി ശലഭ് മാത്തൂര്‍ വ്യക്തമാക്കി. അനുവദിച്ചതിനേക്കാള്‍ ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിപാടിക്കുശേഷം ഭോലെ ബാബയെ കാണാന്‍ ആളുകള്‍ തിരക്കുകൂട്ടിയതും ബാബയുടെ കാല്‍പ്പാദത്തിനരികില്‍നിന്ന് മണ്ണ് ശേഖരിക്കാന്‍ ശ്രമിച്ചതുമാണ് തിക്കും തിരക്കുമുണ്ടാവാന്‍ കാരണമായതെന്ന് പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.
മരിച്ചവരെയും അബോധാവസ്ഥയിലായവരെയും ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളിലാണ് ആശുപത്രിയിലെത്തിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷവും പരുക്കേറ്റവര്‍ക്ക് 50000വും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
‘സാകർ വിശ്വ ഹരി ബാബ’ എന്ന പേരിൽ അറിയപ്പെടുന്ന ഭോലെ ബാബ അറിയപ്പെടുന്ന മതപ്രഭാഷകനാണ്. അലിഗഡ് ഡിവിഷനിലെ കാസ്ഗഞ്ച് ജില്ലക്കാരനായ ഇയാൾ മുന്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥനാണെന്നാണ് അവകാശപ്പെട്ടിരുന്നത്. രാജിവെച്ച ശേഷം മതപ്രഭാഷണങ്ങൾ നടത്താനും ‘സത്സംഗ’ങ്ങൾ സംഘടിപ്പിക്കാനും തുടങ്ങി. ‘നരേൻ സാകർ ഹരി’ എന്ന പേരിലും അറിയപ്പെടാറുണ്ട്.
ആയിരക്കണക്കിന് അനുയായികൾ ഇയാൾക്കുണ്ട്. അലിഗഢില്‍ എല്ലാ ചൊവ്വാഴ്ചയും ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഭോലെ ബാബയുടെ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെന്നാണ് വിവരം. കോവിഡ് കാലത്താണ് ഇയാള്‍ കൂടുതല്‍ പ്രസിദ്ധനായതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത്.