കൊച്ചി: എയർ ഇന്ത്യ – സൂം കാർ പങ്കാളിത്തത്തിൽ വിമാനയാത്രക്കാർക്ക് ഇനി മുതൽ നേരിട്ട് കാർ ബുക്ക് ചെയ്യാം. ഇന്ത്യയിൽ വന്നിറങ്ങുന്ന എയർ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാർക്കാണ് വിമാനത്താവളത്തിൽ നിന്ന് വീടുകളിലേക്കും മറ്റും പോകാനായി സൂം കാർ എടുത്ത് പോകാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ കൊച്ചി വിമാനത്താവളത്തിൽ നിന്നാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ആകെ 19 ഇന്ത്യൻ സിറ്റികളിലാണ് നിലവിൽ ഈ സൗകര്യം ഉള്ളത്. പരീക്ഷണം വിജയകരമായാൽ കൂടുതൽ വിമാനത്താവളങ്ങളിലേക്ക് സൗകര്യം വ്യാപിപ്പിക്കും.
എന്താണ് സംവിധാനം?
എയർ ഇന്ത്യയിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് എയർപോർട്ടിൽ നിന്നും വാഹനമെടുത്ത് സ്വയം ഓടിച്ച് പോകാം. ആവശ്യത്തിന് ശേഷം തിരികെ എയർപോർട്ടിൽ തന്നെ പാർക്ക് ചെയ്യാം. ബിസിനസ്, ടൂറിസം ആവശ്യങ്ങൾക്ക് വരുന്നവർക്കും മറ്റും ഏറെ ഉപകാരപ്രദമായിരിക്കും ഈ സേവനം. ഏത് തരം യാത്രയ്ക്കും ലഗേജിനും അനുയോജ്യമായ തരത്തിലുള്ള വാഹനങ്ങൾ ലഭ്യമാണ്. മികച്ച റേറ്റിംഗുള്ള വാഹനദാതാക്കളിൽ നിന്നുള്ള എസ്‌യുവി, സെഡാൻ, ഹാച്ച്ബാക്ക് എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. ഇലക്ട്രിക് വാഹനങ്ങളാണ് സേവനത്തിന് ഉണ്ടാവുക.
നിലവിൽ ഏതൊക്കെ വിമാനത്താവളങ്ങളിൽ ലഭ്യമാണ് ?
കേരളത്തിൽ കൊച്ചിയിൽ മാത്രമാണ് സൗകര്യം ഉള്ളത്. കേരളത്തിന് പുറത്തുള്ള നഗരങ്ങൾ ഇവയാണ്: ബെംഗളൂരു, ഭുവനേശ്വർ, ചെന്നൈ, ഡൽഹി, ഗോവ, ഗുവാഹത്തി, ഹൈദരാബാദ്, ഇൻഡോർ, ജയ്പൂർ, കൊൽക്കത്ത, ലഖ്‌നൗ, മംഗലാപുരം, മധുരൈ, മുംബൈ, പൂനെ, തിരുച്ചിറപ്പള്ളി, വിജയവാഡ, വിശാഖപട്ടണം.
എങ്ങിനെ കാർ ബുക്ക് ചെയ്യാം?
എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റിലൂടെയും (www.airindiaexpress.com) മൊബൈൽ ആപ്പിലൂടെയും സൂം കാറുകൾ ബുക്ക് ചെയ്യാം. ഡ്രൈവിംഗ് ലൈസൻസ്, തിരിച്ചറിൽ കാർഡ് എന്നിവയ്‌ക്കൊപ്പം ഒരു സെൽഫിയും അപ്ലോഡ് ചെയ്താൽ മതി. യാത്ര പുറപ്പെടുന്നതിന് 60 ദിവസം മുതൽ എട്ട് മണിക്കൂർ മുൻപ് വരെ ഈ സേവനം ബുക്ക് ചെയ്യാം.
എത്ര സമയത്തേക്ക് കാറുകൾ ലഭിക്കും?
എട്ട് മണിക്കൂർ മുതൽ ദീർഘദൂര യാത്രയ്ക്ക് വരെ അനുയോജ്യമായ പ്ലാനുകൾ എയർ ഇന്ത്യ – സൂം സംവിധാനത്തിൽ ഒരുക്കിയിട്ടുണ്ട്. കീ ലെസ് അക്‌സസ് സംവിധാനം ആയതിനാൽ മൊബൈൽ ആപ്പ് വഴി വാഹനം പിക്ക്അപ്പ്, ഡ്രോപ്പ് ഓഫ് ഉൾപ്പടെ ചെയ്യാനും സാധിക്കും.