കഴിഞ്ഞ കുറച്ചുനാളുകളായി വർക്ക് പെർമിറ്റ് സമ്പ്രദായത്തിൽ അയർലൻഡ് കാര്യമായ മാറ്റങ്ങൾ കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോളിതാ വർക്ക് പെർമിറ്റ് ഉടമകൾക്ക് ഒമ്പത് മാസത്തിന് ശേഷം തൊഴിലുടമകളെ മാറ്റാൻ അനുവദിക്കുന്ന പുതിയ നിയമം അതിന്റെ അന്തിമ ഘട്ടത്തിലാണ്. തൊഴിൽ പെർമിറ്റ് ബിൽ 2022-ന്റെ ഭാഗമായ ഈ പുതിയ നിയമനിർമ്മാണം, ചൂഷണത്തിന്റെ സാധ്യത കുറയ്ക്കുന്നതിനും കുടിയേറ്റ തൊഴിലാളികൾക്ക് കൂടുതൽ വഴക്കം നൽകുന്നതിനും ലക്ഷ്യമിടുന്നതാണ്.
മുമ്പ് പൊതു തൊഴിൽ പെർമിറ്റിലുള്ള തൊഴിലാളികൾ അസാധാരണമായ സാഹചര്യങ്ങൾ ഉണ്ടാകാത്തപക്ഷം, അവരുടെ പ്രാരംഭ തൊഴിലുടമയ്‌ക്കൊപ്പം കുറഞ്ഞത് 12 മാസമെങ്കിലും താമസിക്കേണ്ടതുണ്ട്. Oireachtas-ന്റെ അവസാന ഘട്ടങ്ങൾ പൂർത്തിയാക്കി പ്രസിഡന്റിന്റെ ഒപ്പിനായി കാത്തിരിക്കുന്ന പുതിയ നിയമം തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങളും സംരക്ഷണങ്ങളും വർധിപ്പിച്ചുകൊണ്ട് തൊഴിലുടമകളെ കൂടുതൽ എളുപ്പത്തിൽ മാറ്റാൻ പ്രാപ്തരാക്കും.
മൈഗ്രന്റ് റൈറ്റ്‌സ് സെന്റർ അയർലണ്ടിന്റെ(എംആർസിഐ) ഡയറക്ടർ എഡൽ മക്‌ഗിൻലി, കുടിയേറ്റ തൊഴിലാളികളുടെ ഒരു വലിയ വിജയമായി ഈ നിയമത്തെ പ്രശംസിച്ചു. മുൻ സംവിധാനം പലപ്പോഴും കടുത്ത ചൂഷണത്തിലേക്ക് നയിച്ചുവെന്ന് മക്‌ഗിൻലി ഊന്നിപ്പറഞ്ഞു. തൊഴിലാളികൾക്ക് ഈ പുതിയ വ്യവസ്ഥയിൽ നിന്ന് പ്രയോജനം ലഭിക്കുമെന്ന് ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ വേഗത്തിൽ നടപ്പിലാക്കാൻ എംആർസിഐ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു.
നിരവധി കുടിയേറ്റ തൊഴിലാളികൾ ജോലി ചെയ്യുന്ന ആരോഗ്യ സംരക്ഷണം, നിർമാണം, ഭക്ഷ്യ സേവനങ്ങൾ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ പുതിയ നിയമം കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൊഴിലുടമകളെ കൂടുതൽ സ്വതന്ത്രമായി മാറ്റാൻ തൊഴിലാളികളെ അനുവദിക്കുന്നതിലൂടെ, കൂടുതൽ തുല്യവും നീതിയുക്തവുമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാൻ നിയമനിർമ്മാണം ലക്ഷ്യമിടുന്നു.
വർക്ക് പെർമിറ്റ് ഉടമകൾക്കുള്ള മാറ്റങ്ങൾക്ക് പുറമേ, എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉള്ളവരുടെ പങ്കാളികൾക്കും ഇപ്പോൾ അയർലണ്ടിൽ ജോലി ചെയ്യാൻ അനുമതി നൽകുമെന്ന് സർക്കാർ ഇതിനോടകം പപ്രഖ്യാപിച്ചിരുന്നു.
ക്രിട്ടിക്കൽ സ്‌കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകളുടെ പങ്കാളികൾക്ക് മാത്രം ബാധകമാക്കിയിരുന്ന ഈ മാറ്റം, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ് ഹോൾഡർമാരെയും ഇൻട്രാ കോർപ്പറേറ്റ് ട്രാൻസ്ഫർ പെർമിറ്റ് ഉടമകളെയും ഉൾപ്പെടുത്താൻ വിപുലീകച്ചിരുന്നു.
കുടിയേറ്റ തൊഴിലാളികളുടെ സംഭാവനകൾ അംഗീകരിക്കുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമുള്ള പുരോഗമനപരമായ ചുവടുവെപ്പായി ഈ നടപടികളുടെ ആമുഖത്തെ കാണുന്നു.
മറ്റ് EU രാജ്യങ്ങളിലെപ്പോലെ ഒരു പെർമിറ്റിന് കീഴിൽ വ്യക്തികൾക്ക് അയർലണ്ടിൽ ജോലി ചെയ്യാനും താമസിക്കാനും അനുവദിക്കുന്ന ഒരു സിംഗിൾ പെർമിറ്റ് സംവിധാനം നടപ്പിലാക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്. ഇത് പ്രക്രിയ ലളിതമാക്കുകയും തൊഴിലുടമകൾക്കും അപേക്ഷകർക്കും ചെലവ് കുറയ്ക്കുകയും ചെയ്യുന്നു.