2022 ജൂലൈ മുതൽ പത്തിരട്ടി വർധിപ്പിച്ചതിന് ശേഷം യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശ നിരക്ക് 0.25% കുറച്ചു. പലിശ നിരക്ക് കുറയ്ക്കൽ ECB യുടെ നിക്ഷേപ നിരക്ക് 4% ൽ നിന്ന് 3.75% ആയി കുറയ്ക്കും. ഇത് 4.5% എന്ന പ്രധാന റീഫിനാൻസ് നിരക്കിനെയും അനുകൂലമായി ബാധിക്കും.
അയർലണ്ടിലെ വീട്ടുടമസ്ഥർക്ക് സാധാരണയായി ഏറ്റവും വലിയ ചിലവാണ് മോർട്ട്ഗേജ് പേയ്‌മെന്റ്. ഇസിബിയുടെ ഉയർന്ന പലിശനിരക്ക് കാരണം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഇത് ക്രമാതീതമായി വർദ്ധിച്ചു. 2022 ഏപ്രിൽ മുതൽ 2023 ഏപ്രിൽ വരെ ഇതിനകം 41% വർധിച്ചതിന് ശേഷം, അയർലണ്ടിലെ മോർട്ട്ഗേജ് പലിശ ഇനത്തിൽ പെയ്മെന്റുകൾ ഏപ്രിൽ വരെയുള്ള വർഷത്തിൽ 21% വർദ്ധിച്ചിരുന്നു.
ട്രാക്കർ മോർട്ട്ഗേജുകളുള്ള ആളുകൾക്ക് ഇപ്പോളത്തെ നിരക്ക് കുറയ്ക്കൽ ഒരു സന്തോഷ വാർത്തയാണ്. 15 വർഷത്തെ കാലയളവിൽ അവർ നൽകേണ്ട ഓരോ 100,000 യൂറോയ്ക്കും അവരുടെ പ്രതിമാസ പെയ്മെന്റുകൾ ഏകദേശം 13 യൂറോ കുറയുന്നത് അവർ കാണും. അതായത് അവർക്ക് ഒരു വർഷം ഏകദേശം 470 യൂറോ ഈ പലിശ ഇളവിനത്തിൽ ലാഭിക്കാം. എന്നിരുന്നാലും, അവരുടെ പെയ്മെന്റുകൾ 2021-ൽ ഉണ്ടായിരുന്നതിനേക്കാൾ പ്രതിവർഷം 4,000 യൂറോ ഇപ്പോളും കൂടുതലാണ്.
ഫിക്സഡ്, വേരിയബിൾ റേറ്റ് മോർട്ട്ഗേജുകൾ ഉള്ളവർക്ക്, ഇതിന്റെ ആഘാതം വ്യത്യസ്തമായിരിക്കും. കഴിഞ്ഞ രണ്ട് വർഷമായി എല്ലാ നിരക്ക് വർദ്ധനകളും അവർക്ക് കൈമാറിയിട്ടില്ല. നിരക്ക് കുറയ്ക്കലിലും ഇത് സമാനമായിരിക്കാം. ബാങ്കുകളുടെ മൊത്തത്തിലുള്ള ചിലവുകൾ കുറയും. അതിനാൽ എല്ലാ മോർട്ട്ഗേജ് നിരക്കുകളും കുറഞ്ഞേക്കാം.
പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ്, ചീഫ് ഇക്കണോമിസ്റ്റ് ഫിലിപ്പ് ലെയ്ൻ തുടങ്ങിയ പ്രമുഖ ഇസിബി വ്യക്തികളുടെ പ്രസ്താവനകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വാർത്ത.
ഇന്നത്തെ ഇസിബി പ്രഖ്യാപനത്തെത്തുടർന്ന്, എല്ലാ ട്രാക്കർ മോർട്ട്ഗേജ് ഉപഭോക്താക്കൾക്കും ട്രാക്കർ മോർട്ട്ഗേജ് നിരക്കുകൾ 0.25% കുറയുമെന്ന് ബാങ്ക് ഓഫ് അയർലൻഡ് ഇതിനോടകം അറിയിച്ചുകഴിഞ്ഞു. മറ്റ് ബാങ്കുകളും ഇതേ രീതി വരും ദിവസങ്ങളിൽ പിന്തുടർന്നേക്കാം.