ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്‌റാഹിം റെയ്‌സി കൊല്ലപ്പെട്ടെതായി ഇറാനിയന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. പ്രസിഡന്റിനോടൊപ്പം ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നവരും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട്. ഇറാന്‍ സര്‍ക്കാര്‍ ഉടന്‍ ഔദ്യോഗിക പ്രസ്ഥാവന പുറത്തിറക്കും. ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീറബ്ദുല്ലാഹിയാന്‍, കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യാ ഗവര്‍ണര്‍ മാലിക് റഹ്മത്തി, കിഴക്കന്‍ അസര്‍ബൈജാനിലേക്കുള്ള ഇറാനിയന്‍ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷി അടക്കമുള്ളവരാണ് കോപ്ടറിലുള്ളത്.
ഇറാന്‍ പ്രസിഡന്റ് ഇബ്‌റാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷിട്ങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ പൂര്‍ണമായും കത്തിയതായും രക്ഷാപ്രവര്‍ത്തക സംഘം അറിയിച്ചു. ഹെലിക്കോപ്റ്ററിന്റെ ക്യാബിന്‍ മുഴുവനായും കത്തിക്കരിഞ്ഞ നിലയിലാണ്. മൃതദേഹങ്ങളില്‍ ചിലത് തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞതായും ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അസര്‍ബൈജാനില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു പ്രസിഡന്റ് ഇബ്രാഹീം റെയ്സി. മൂന്ന് ഹെലിക്കോപ്റ്ററുകളിലായിട്ടാണ് പ്രസിഡന്റും സംഘവും മടങ്ങിയിരുന്നത്. എന്നാല്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലിക്കോപ്റ്റര്‍ ലക്ഷ്യ സ്ഥാനത്ത് എത്തിയിരുന്നില്ല. ഇറാന്‍ പ്രസിഡന്റ് സന്ദര്‍ശിച്ച ഹെലിക്കോപ്റ്റര്‍ മൂടല്‍ മഞ്ഞ് നിറഞ്ഞ സ്ഥലത്തേക്ക് ഇടിച്ചിറക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സണ്‍ഗുണ്‍ എന്ന ചെമ്പ് ഖനിക്ക് സമീപമാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. ഇറാനിലെ കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലെ ജോല്‍ഫയ്ക്കും വര്‍സാഖാനും ഇടയിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്.
തകര്‍ന്ന ഹെലിക്കോപ്റ്ററിന്റെ ദൃശ്യങ്ങള്‍ ഇറാനിയന്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടു. ഹെലിക്കോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ മലയിടുക്കുകളില്‍ കണ്ടെത്തിയതിന്റെ ദൃശ്യങ്ങളാണ് മാധ്യമങ്ങള്‍ പങ്കുവെച്ചത്.