അലഹബാദ്: വിവാഹസമയത്ത് വധൂവരന്മാർക്ക് ലഭിച്ച സമ്മാനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി സൂക്ഷിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. വിവാഹത്തിൽ സ്ത്രീധനം വാങ്ങിയെന്നോ സ്ത്രീധനം നൽകിയെന്നോ വരന്‍റെയോ വധുവിന്‍റെയോ കുടുംബാംഗങ്ങൾ ആരോപണങ്ങളുന്നയിച്ചാൽ അത് തെറ്റാണോ ശരിയാണോ എന്ന് തീരുമാനിക്കാൻ ഇത് സഹായകമാകും. 1961 -ലെ സ്ത്രീധന നിരോധന നിയമം 3(2) സെക്ഷൻ പ്രകാരം സ്ത്രീധനത്തെക്കുറിച്ചുള്ള തെറ്റായ ആരോപണങ്ങൾ തടയാൻ ഇത് സഹായിക്കുമെന്നും കോടതി പറയുന്നു.
കൂടാതെ സ്ത്രീധനത്തിന്‍റെ 3(2) വകുപ്പിന് കീഴിൽ ചില കാര്യങ്ങൾ സ്ത്രീധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതിൽ പെടുന്നതാണോ ഇവ എന്ന് മനസിലാക്കാനും ഇത് സഹായിക്കുമെന്നും ജസ്റ്റിസ് വിക്രം ഡി. ചൗഹാൻ പറഞ്ഞു. ഇതേ വകുപ്പു പ്രകാരം വിവാഹസമയത്ത് വധുവിനോ വരനോ ആവശ്യപ്പെടാതെ തന്നെ നൽകിയ സമ്മാനങ്ങൾ ‘സ്ത്രീധന’ത്തിന്‍റെ പരിധിയിൽ വരുന്നതല്ല. അതിനാൽ തന്നെ അത്തരം സമ്മാനങ്ങളുടെ ലിസ്റ്റ് സൂക്ഷിക്കുന്നത് പിന്നീട് ഗുണകരമാവും എന്നാണ് കോടതി പറയുന്നത്.
സ്ത്രീധനം വാങ്ങിയതായോ കൊടുത്തതായോ തെളിഞ്ഞാൽ 5 വർഷത്തിൽ കുറയാത്ത തടവും 50000 -ത്തിൽ കുറയാത്ത തുകയോ അല്ലെങ്കിൽ സ്ത്രീധനത്തിന്‍റെ മൂല്യത്തിന് കണക്കായോ തുകയോ (ഇവയിൽ ഉയർന്ന തുക) പിഴ ഒടുക്കണമെന്നും ആക്ടിലെ സെക്ഷൻ 3 വ്യവസ്ഥ ചെയ്യുന്നു.