ഇന്ത്യയിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങൾക്ക് കർശന പരിശോധന ഏർപ്പെടുത്താൻ യുകെ തീരുമാനിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. മാരകമായ രാസപദാർത്ഥങ്ങൾ സുഗന്ധവ്യഞ്ജനങ്ങളിൽ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ . ക്യാൻസറിന് കാരണമാകുന്ന കീടനാശിനിയായ എഥിലിൻ ഓക്സൈഡ് വളരെ ഉയർന്ന അളവിൽ കണ്ടതാണ് കടുത്ത നടപടിക്ക് കാരണം.
കമ്പനികളുടെ ഉത്പന്നങ്ങളിലാണ് അമിത അളവിൽ കീടനാശിനി കണ്ടെത്തിയത് . ഇതോടെ ഇന്ത്യയിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങളും പരിശോധനയ്ക്ക് വിധേയമാക്കാൻ ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി തീരുമാനിക്കുകയായിരുന്നു. രാജ്യത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾ കടുത്ത സുരക്ഷാ പരിശോധന നടത്തുന്ന രാജ്യമാണ് യുകെ. ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾ കണ്ടെത്തിയാൽ അത്തരം ഉത്പന്നങ്ങൾക്ക് സമ്പൂർണ്ണ നിരോധനം ആണ് ഏർപ്പെടുത്തുക.
എംഡിഎച്ച്, എവറസ്റ്റ് എന്നീ കമ്പനികളുടെ 4 ഉത്പന്നങ്ങളുടെ വിൽപ്പനയാണ് യുകെയിൽ നിർത്തിവച്ചിരിക്കുന്നത്. ഇതിൽ മൂന്നെണ്ണം എംഡിഎച്ചിന്റെയും ഒരെണ്ണം എവറസ്റ്റിന്റെയും ആണ്. ന്യൂസീലൻഡ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓസ്‌ട്രേലിയ എന്നി രാജ്യങ്ങളും ഈ രണ്ട് ബ്രാൻഡുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിശോധിക്കുന്നതായി അറിയിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ബ്രാൻഡുകളായ എംഡിഎച്ചും എവറസ്റ്റും തങ്ങളുടെ ഉൽപന്നങ്ങൾ ഉപഭോഗത്തിന് സുരക്ഷിതമാണെന്ന് അവകാശപ്പെട്ടു.