ഉപരിപഠനത്തിനായി യുകെയിലേക്ക് പോകാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ആശങ്കപ്പെടുത്തി പോസ്റ്റ് സ്റ്റഡി വര്‍ക്ക് പെര്‍മിറ്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന വാര്‍ത്ത. യുകെ മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി (എംഎസി) പോസ്റ്റ് സ്റ്റഡി വര്‍ക്ക് (പിഎസ്ഡബ്ല്യു) വിസ റദ്ദാക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് പ്രകാരം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ അനുവദിക്കുന്നത് നിര്‍ത്തിവെക്കുമെന്ന തരത്തിലാണ് അഭ്യൂഹം. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ യുകെയില്‍ പഠിനത്തിന് എത്തുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് തന്നെ രണ്ട് വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയായിരുന്നു. എംഎസി എന്നത് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസകള്‍ അവലോകനം ചെയ്യുന്ന ജോലിയുമായി നിയോഗിക്കപ്പെട്ട മൈഗ്രേഷന്‍ ഉപദേശക സമിതിയാണ്. ഈ വിസ റദ്ദാക്കിയാല്‍, ഇന്ത്യയില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നുമുള്ള അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷവും യുകെയില്‍ തുടരാന്‍ സാധിക്കില്ല.
പോസ്റ്റ് സ്റ്റഡി വര്‍ക്ക് പെര്‍മിറ്റ് ഇല്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ രാജ്യം വിടേണ്ടി വരും. ഇത്തരമൊരു നടപടി ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകും എന്നതില്‍ സംശയമില്ല. റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് 14 ആണ്. ഈ വര്‍ഷം മാര്‍ച്ച് 11 നായിരുന്നു ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി കമ്മിറ്റിയെ നിയോഗിച്ചത്. ക്ലെവര്‍ലി എഴുതിയ കത്തില്‍, 2023 ല്‍ വര്‍ക്ക് റൂട്ടുകളിലേക്ക് മാറുന്ന അന്താരാഷ്ട്ര ബിരുദധാരികളില്‍ 32 ശതമാനം പേര്‍ മാത്രമാണ് പൊതു പരിധിക്ക് മുകളിലുള്ള ശമ്പളം നേടിയത്. വെറും 16 ശതമാനം പേര്‍ 30,000 പൗണ്ടില്‍ കൂടുതല്‍ സമ്പാദിച്ചു. അതായത് ബിരുദ പഠനം പൂര്‍ത്തിയാക്കുന്നവരില്‍ ഭൂരിഭാഗവും ബിരുദധാരികളുടെ ശരാശരി വേതനത്തേക്കാള്‍ കുറവാണ് സമ്പാദിക്കുന്നത്.
ഏകദേശം 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2021 ജൂലൈയില്‍ അവതരിപ്പിച്ച വിസയാണ് പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ. തൊഴിലുടമയില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പോ വര്‍ക്ക് പെര്‍മിറ്റോ ആവശ്യമില്ലാതെ തന്നെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠനവുമാി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ ഏത് ജോലിയിലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നു. ഇതിനര്‍ത്ഥം ഒരു പൗരനെപ്പോലെ ഒരു നിയന്ത്രണവുമില്ലാതെ ഒരാള്‍ക്ക് ഏത് ജോലിയിലും തിരയാനും പ്രവര്‍ത്തിക്കാനും കഴിയും. രണ്ട് വര്‍ഷമാണ് ഈ വിസയുടെ കാലാവധി.
2023-ല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 1.20 ലക്ഷം സ്റ്റുഡന്റ് വിസകള്‍ അനുവദിച്ചു (എല്ലാ രാജ്യങ്ങളിലായി ആകെ അനുവദിച്ചത് 4.57 ലക്ഷം വിസകളായിരുന്നു). 2023-ല്‍ ഇഷ്യൂ ചെയ്ത വിസകളുടെ എണ്ണം 2019-നേക്കാള്‍ 250 ശതമാനം കൂടുതലായിരുന്നു. അതായത് പോസ്റ്റ് സ്റ്റഡി വിസകള്‍ അനുവദിച്ച് കുടിയേറ്റം കൂടുതല്‍ ശക്തമായി. പുതിയ നിയന്ത്രണം വരികയാണെങ്കില്‍ യുകെയിലേക്ക് പഠനത്തിന് വേണ്ടി മാത്രം വരേണ്ടി വരും.യുകെയില്‍ വര്‍ദ്ധിച്ചുവരുന്ന കുടിയേറ്റം കുറയ്ക്കുന്നതിനുള്ള വലിയ പദ്ധതിയുടെ ഭാഗമാണ് പുതിയ നിയന്ത്രണവും. കുടിയേറ്റ തൊഴിലാളികളുടെ കുതിച്ചുചാട്ടം തടയാനായി ഋഷി സുനക്കിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ സര്‍ക്കാര്‍ തുടര്‍ച്ചയായി വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. 2023 ജനുവരിയില്‍, ബ്രിട്ടീഷ് സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ആശ്രിത വിസ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കിയിരുന്നു. ഇതോടെ ഇപ്പോള്‍ അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ സാധിക്കില്ല. പിഎച്ച്ഡി അല്ലെങ്കില്‍ പോസ്റ്റ്-ഡോക്ടറല്‍ പഠനങ്ങള്‍ പോലുള്ള ഒരു ഗവേഷണ പ്രോഗ്രാമിനായി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഇതില്‍ ഇളവുള്ളത്.