പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനില്‍കുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്കുള്ള അയര്‍ലണ്ടിലെ സീറോമലബാര്‍ സഭയുടെ മരിയന്‍ തീര്‍ത്ഥാടനം ഇന്ന് മെയ് 11 ശനിയാഴ്ച്ച.
അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ ഇന്ന് രാവിലെയും ,ഇന്നലെയുമായി നോക്കിലേയ്ക്കുള്ള തീര്‍ത്ഥയാത്രയിലാണ്.പ്രാര്‍ത്ഥനാപൂര്‍വ്വം ,ജപമാലയര്‍പ്പിച്ച് നീങ്ങുന്ന അയർലണ്ടിലെ മലയാളി സമൂഹത്തിന് നേതൃത്വം നല്കാന്‍ സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ പിതാവും , എത്തിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെ 10 മണിക്ക് നോക്ക് ബസലിക്കയില്‍ ആരാധനയും തുടര്‍ന്ന് ആഘോഷമായ സീറോ മലബാര്‍ വിശുദ്ധ കുര്‍ബാനയും ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും നടക്കും.
സീറോ മലബാര്‍ സഭയുടെ തലവന്‍ മാര്‍ റാഫേല്‍ തട്ടില്‍ പിതാവിനോടൊപ്പം യൂറോപ്പ്യന്‍ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തും , സീറോ മലബാര്‍ സഭയുടെ അയര്‍ലണ്ട് നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാ. ജോസഫ് ഓലിയക്കാട്ടും അയര്‍ലണ്ടിലെ മുഴുവന്‍ സീറോ മലബാര്‍ വൈദീകരും തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കും.
അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ ഭക്തസംഘടനകളായ മാതൃവേദി , പിതൃവേദി, അള്‍ത്താര ബാലസഖ്യം, സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് എന്നിവര്‍ പ്രദക്ഷിണത്തിനു നേതൃത്വം നല്‍കും. അയര്‍ലണ്ടിലെ വിവിധ കുര്‍ബാന സെന്ററുകളില്‍നിന്ന് ഈ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിച്ച കുട്ടികള്‍ നോക്ക് തീര്‍ത്ഥാടനത്തില്‍ ഒരുമിച്ചുകൂടും.
നോക്ക് മരിയന്‍ തീര്‍ഥാടനത്തില്‍ പങ്കെടുക്കുവാന്‍ അയര്‍ലണ്ടിലെ മുഴുവന്‍ വിശ്വാസികളേയും പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.
നോക്ക് തീർത്ഥാടനത്തിന്റെ ലൈവ് ഇന്ന് രാവിലെ ഐറിഷ് സമയം 10 മണി മുതൽ ശാലോം ടി വിയിൽ തത്സമയം ലഭ്യമാണ്.