ഓപ്പൺ എഐ അതിൻ്റെ ജനപ്രിയ ചാറ്റ്‌ബോട്ടായ ചാറ്റ്‌ജിപിടിയ്‌ക്കായി ഒരു പുതിയ എഐ-പവർ സെർച്ച് എഞ്ചിൻ തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏറെക്കാലമായി കിംവദന്തികളും പ്രതീക്ഷിച്ചിരുന്നതുമായ ഈ നീക്കം, ടെക് ഭീമനായ ഗൂഗിളുമായി നേരിട്ടുള്ള മത്സരത്തിലേക്ക് OpenAI-യെ കൊണ്ടുവരാനുള്ള സാഹചര്യം ഉണ്ടാക്കിയേനെ.
എന്നാല്‍ ഈ വാര്‍ത്തകളെല്ലാം നിഷേധിച്ചിരിക്കുകയാണ് ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാന്‍. സോഷ്യല്‍ മീഡിയാ സേവനമായ എക്‌സിലാണ് ഓള്‍ട്ട്മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാല്‍ ഇത് ജിപിടി-5 ഉം സെര്‍ച്ച് എഞ്ചിനും അല്ലെന്നും തങ്ങള്‍ കുറച്ചുകാലമായി പുതിയൊരു കാര്യത്തിന് വേണ്ടിയുള്ള അധ്വാനത്തിലാണെന്നും, അത് ഒരു മാജിക് പോലെയാണ് തനിക്ക് തോന്നുന്നതെന്നും ഓള്‍ട്ട്മാന്‍ എക്‌സില്‍ കുറിച്ചു. തിങ്കളാഴ്ച ഇന്ത്യന്‍ സമയം രാത്രി 10.30 ന് ചാറ്റ് ജിപിടി, ജിപിടി-4 എന്നിവയുടെ അപ്‌ഡേറ്റുകള്‍ പരിചയപ്പെടുത്തുന്നുണ്ടെന്ന് അറിയിച്ചുകൊണ്ടുള്ള ഓപ്പണ്‍ എഐയുടെ എക്‌സ് പോസ്റ്റ് റീപോസ്റ്റ് ചെയ്തുകൊണ്ടാണ് ഓള്‍ട്മാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ചാറ്റ് ജിപിടിയുമായി ബന്ധപ്പെട്ടുള്ളതായിരിക്കും ഓപ്പണ്‍ എഐയുടെ സെര്‍ച്ച് സേവനം. ഇതോടെ ചാറ്റ് ജിപിടിയ്ക്ക് വെബ്ബിലെ വിവരങ്ങള്‍ നേരിട്ട് എടുക്കാനും ലിങ്കുകള്‍ നല്‍കാനും സാധിക്കും. നിലവില്‍ വിവിധങ്ങളായ വിവരങ്ങള്‍ ചാറ്റ് ജിപിടിയ്ക്ക് നല്‍കാന്‍ സാധിക്കുമെങ്കിലും വെബ്ബില്‍ നിന്നുള്ള തത്സമയ വിവരങ്ങള്‍ നല്‍കാന്‍ ചാറ്റ്ജിപിടിയ്ക്ക് സാധിക്കില്ല. നേരത്തെ മൈക്രോസോഫ്റ്റിന്റെ ബിങ് സെര്‍ച്ച് എഞ്ചിനില്‍ ഓപ്പണ്‍ എഐയുടെ എഐ ഫീച്ചറുകള്‍ ലഭ്യമാക്കിയിരുന്നു.
അതേസമയം ഗൂഗിളും ജെമിനി എഐ ഉപയോഗിച്ചുള്ള കൂടുതല്‍ സെര്‍ച്ച് ഫീച്ചറുകള്‍ അവതരിപ്പിക്കാനിടയുണ്ട്. ഗൂഗിളിനെ കൂടാതെ മുന്‍ ഓപ്പണ്‍ എഐ ഗവേഷകന്‍ അരവിന്ദ് ശ്രീനിവാസ് ആരംഭിച്ച പെര്‍പ്ലെക്‌സിറ്റിയും എഐ സെര്‍ച്ച് രംഗത്ത് ശക്തമായ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്.