ഡബ്ലിൻ: തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശവും ഓർമ്മപ്പെടുത്തി വീണ്ടുമൊരു മെയ്ദിനം കൂടി കടന്നു വരികയാണ്.സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ, സംഘടിച്ച് സംഘടിച്ച് ശക്തരാകുവിൻ എന്ന മുദ്രാവാക്യത്തെ ഉയർത്തിപ്പിടിച്ചാണ് ഓരോ വർഷവും തൊഴിലാളി ദിനം ആചരിക്കുന്നത്.
നീണ്ടകാലത്തെ കഠിന പോരാട്ടങ്ങളിലൂടെ പീഡനങ്ങളെ അതിജീവിച്ച് അവകാശങ്ങൾ നേടിയെടുത്ത സ്മരണയിൽ ലോക തൊഴിലാളി സമൂഹം മെയ്ദിനം ആഘോഷിക്കുമ്പോൾ അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ നേതൃത്വത്തിലും അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുന്നു. മെയ് 11ന് ഡബ്ലിനിലും മെയ് 12ന് വാട്ടർഫോർഡിലുമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. സുനിൽ പി.ഇളയിടം മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്.
അവകാശ പോരാട്ടങ്ങളുടെ ഓർമ്മ പുതുക്കലുമായി ഡബ്ലിനിലെ കാൾട്ടൻ ഹോട്ടലിൽ മെയ് 11നും വാട്ടർഫോർഡ് WAMA യിൽ വെച്ച് മെയ് 12നും ക്രാന്തി സംഘടിപ്പിക്കുന്ന മെയ്ദിന അനുസ്മരണ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കേന്ദ്ര കമ്മിറ്റി അറിയിച്ചു.