കഴിഞ്ഞ ആഴ്ചകളിൽ പുറത്തുവന്ന വമ്പൻ നഴ്സിങ് റിക്രൂട്മെന്റ് തട്ടിപ്പിന്റെ വാർത്ത എല്ലാവരെയും നടുക്കിയ സംഭവമായിരുന്നു. ഡബ്ലിനിൽ നഴ്‌സായി ജോലി നോക്കിയിരുന്ന സൂരജ് എന്ന വ്യക്തി മുന്നൂറോളം മലയാളികളായ ഉദ്യോഗാർത്ഥികളിൽ നിന്ന് അയർലണ്ടിൽ ഹെൽത്ത് കെയർ അസിസ്റ്റന്റുമാരായി ജോലി നൽകാം എന്ന വ്യാജേന ലക്ഷക്കണക്കിന് യൂറോ തട്ടിയെടുത്തു എന്നാണ് പരാതി ഉയർന്നിരുന്നത്. ജോൺ ബാരി, മാത്യു ലോങ്ങ് എന്നീ പേരുകളിൽ എച്ച് എസ് ഇ സ്റ്റാഫുകൾ എന്ന രീതിയിൽ അവതരിപ്പിച്ച രണ്ടു പേരുമായി ചേർന്നായിരുന്നു സൂരജ് ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ ചെയ്തതും വ്യാജ ജോബ് ഓഫറുകളും വർക്ക് പെർമിറ്റുകളും അവർക്കു നൽകി ലക്ഷക്കണക്കിന് യൂറോ അവരിൽ നിന്ന് കൈപ്പറ്റുകയും ചെയ്തത്.
സംഭവം വലിയ വാർത്തയായതോടെ ഏപ്രിൽ 16ന് സൂരജ് കൊച്ചി പൊലീസിന് മുൻപിൽ കീഴടങ്ങുകയും ഇക്കാര്യങ്ങളെല്ലാം സമ്മതിക്കുകയും ചെയ്യുന്ന ഒരു വീഡിയോ പുറത്തുവിടുകയും ചെയ്തു. പ്രസ്തുത വീഡിയോയിൽ താനാണ് ഈ തട്ടിപ്പിന്റെ മുഴുവൻ ഉത്തരവാദി എന്നും ആറര കോടി രൂപയോളം കൈപ്പറ്റി എന്നും സമ്മതിക്കുന്നുണ്ട്.
ഇയാൾ വഴി ഉദ്യോഗാർത്ഥികൾക്ക് ലഭിച്ച വർക്ക് പെർമിറ്റുകൾ വ്യാജമാണ് എന്ന് തിരിച്ചറിഞ്ഞ ഇന്ത്യയിലെ ഐറിഷ് എംബസി നൂറിലേറെ ഉദ്യോഗാർഥികളുടെ വിസ റദ്ദാക്കുകയും അവർക്ക് അഞ്ചു വർഷത്തേക്ക് അയർലണ്ടിൽ പ്രവേശിക്കുന്നതിന് ബാൻ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
തട്ടിപ്പിനിരയായ നഴ്സുമാർ മൈഗ്രന്റ് നഴ്സസ് അയർലണ്ടിനെ (MNI) ബന്ധപ്പെടുകയും, അവരുമായി സംഘടയുടെ ഭാരവാഹികൾ ഇക്കഴിഞ്ഞ ഏപ്രിൽ 21 ഞായറാഴ്ച ഒരു ഓൺലൈൻ മീറ്റിംഗ് നടത്തുകയും, വിസ ബാൻ നീക്കുന്നതിനാവശ്യമായ കാര്യങ്ങൾ ചെയ്യുന്നതിന്റെ ഒരു ആക്ഷൻ പ്ലാൻ ഉണ്ടാക്കുകയും ചെയ്തിരുന്നു. മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഇക്കാര്യം ഐറിഷ് മാധ്യമങ്ങളെ അറിയിക്കുകയും ജേർണൽ എന്ന ഓൺലൈൻ മാധ്യമത്തിൽ വളരെ പ്രാധാന്യത്തോടെ ഈ വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
തട്ടിപ്പിനിരയായ ഉദ്യോഗാർഥികളുടെ ഒരു ജോയിന്റ് പെറ്റീഷൻ ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ്, എന്റർപ്രൈസ്, ട്രേഡ് ആൻഡ് എംപ്ലോയ്‌മെന്റ്, എച്ച് എസ് ഇ, ഇന്ത്യൻ എംബസി എന്നീ വകുപ്പുകൾക്ക് സമർപ്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി വിസ ബാൻ മാറ്റിക്കൊടുക്കാൻ സന്നദ്ധമാണ് എന്നറിച്ച ഇമെയിൽ ഐറിഷ് എംബസിയിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് ലഭിച്ചു തുടങ്ങി. വകുപ്പിന്റെ പരിശോധനയിൽ ഉദ്യോഗാർത്ഥികൾ ഈ തട്ടിപ്പിന്റെ ഇരകളാണ് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം എന്നാണ് വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഭാവി ഇരുളടഞ്ഞു പോവുമായിരുന്നു നൂറുകണക്കിന് നഴ്സുമാർക്കാണ് മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ഇടപെടൽ തുണയായത്.