ഗൾഫിലെമ്പാടും ഇടിമിന്നലോടുകൂടിയ കനത്തമഴയും ആലിപ്പഴവർഷവും. തിങ്കളാഴ്ച തുടങ്ങിയ മഴ ചൊവ്വാഴ്ച പുലർച്ചയോടെ ശക്തിപ്രാപിച്ചു. ഇത് ലോകത്തിലെ ഏറ്റവും തിരക്കേറിയ ദുബായ് എയർപോർട്ടിൽ വെള്ളപ്പൊക്കത്തിനും തടസ്സത്തിനും കാരണമായി.
കനത്ത മഴയിൽ പ്രദേശത്തുടനീളം വെള്ളപ്പൊക്കമുണ്ടായി, 20 പേർ മരിച്ചു. വെള്ളപ്പൊക്കത്തിൽപ്പെട്ട് ഒട്ടേറെ വാഹനങ്ങൾ ഒഴുകിപ്പോയി. കെട്ടിടാവശിഷ്ടങ്ങളും മറ്റും വീണ് വാഹനങ്ങൾക്ക് കേടുപാടുണ്ടായി. പലയിടങ്ങളിലും റോഡുകൾ ഇടിഞ്ഞുതാഴ്ന്നു. സ്കൂൾപഠനം ഓൺലൈനാക്കിയിരിക്കുകയാണ്. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്. അസ്ഥിര കാലാവസ്ഥയിൽ വിമാനസർവീസുകളിലും തടസ്സമുണ്ടായി.
ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ വൈകീട്ട് വരെ ദുബായില്‍ നിന്നും പുറപ്പെടേണ്ട 21 വിമാനങ്ങള്‍, ദുബായില്‍ ഇറങ്ങേണ്ട 24 ലേറെ വിമാനങ്ങളും റദ്ദാക്കിയിരുന്നു. അഞ്ച് വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തു.
കനത്ത മഴയെതുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ടോടെ 50 ഓളം വിമാന സര്‍വീസുകള്‍ റദ്ദാക്കി. വിമാനത്താവള റണ്‍വേയില്‍ കനത്ത രീതിയില്‍ വെള്ളം കയറിയതോടെയാണ് അധികൃതര്‍ നടപടികളിലേക്ക് നീങ്ങിയത്. കൂടാതെ രാജ്യമെങ്ങും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയായിരുന്നു.
കൂടുതൽ ഇടിമിന്നലുകളും ശക്തമായ മഴയും പ്രവചിക്കപ്പെട്ടിട്ടുണ്ട്, പല പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്.
യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (യുഎഇ) 75 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴയാണ് രാജ്യം അനുഭവിച്ചത്. യു.എ.ഇ.യുടെ ചില ഭാഗങ്ങളിൽ ഒരു ദിവസം കൊണ്ട് വർഷത്തിൽ ലഭിക്കേണ്ട ഇരട്ടിയോളം മഴ ലഭിച്ചു.
സാധാരണയായി ചെറിയ മഴ ലഭിക്കുന്ന ദുബായിൽ കാര്യമായ വെള്ളപ്പൊക്കമുണ്ടായി. റോഡുകൾ വെള്ളത്തിനടിയിലായി, കെട്ടിടങ്ങൾ തകർന്നു.
ഗതാഗത സംവിധാനങ്ങൾ താറുമാറായതോടെ സഞ്ചാരികളും താമസക്കാരും ബുദ്ധിമുട്ടിലായി. യാത്രാസൗകര്യമില്ലാത്തതിനാൽ ചിലർ മാളുകളിൽ രാത്രി തങ്ങാൻ നിർബന്ധിതരായി.
ദുബായിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും റാസൽഖൈമയിൽ വാഹനം വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി വയോധികൻ മരിച്ചു.
യുഎഇയിലെയും ഒമാനിലെയും അധികൃതർ ആളുകൾ വീടിനുള്ളിൽ തന്നെ തുടരാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും നിർദ്ദേശിച്ചു. മുൻകരുതലിൻ്റെ ഭാഗമായി സ്‌കൂളുകളും സർക്കാർ ഓഫീസുകളും അടച്ചു.
യു.എ.ഇയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് കരിപ്പൂരില്‍ നിന്നുള്ള രണ്ട് വിമാന സര്‍വ്വീസുകളും റദ്ദാക്കി. രാത്രി 7.25ന് പോകേണ്ട കോഴിക്കോട്- ഷാര്‍ജ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനവും, രാത്രി 8ന് പോകേണ്ട കോഴിക്കോട്- ദുബായ് വിമാനവുമാണ് റദ്ദാക്കിയത്.
നേരത്തെ തിരുവനന്തപുരത്ത് നിന്നും, നെടുമ്പാശ്ശേരിയില്‍ നിന്നും യു.എ.ഇയിലേക്കുള്ള വിമാന സര്‍വ്വീസുകളും റദ്ദാക്കിയിരുന്നു. തിരുവനന്തപുരത്ത് നിന്ന്, ദുബായിലേക്കുള്ള എമിറേറ്റ്‌സ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളും, ഷാര്‍ജയിലേക്കുള്ള ഇന്‍ഡിഗോ, എയര്‍ അറേബ്യ വിമാനങ്ങളുമാണ് റദ്ദാക്കിയത്.
നെടുമ്പാശ്ശേരിയില്‍ നിന്ന്, ദുബായിലേക്കുള്ള മൂന്ന് വിമാനങ്ങളും, ഷാര്‍ജയിലേക്കും, ദോഹയിലേക്കുമുള്ള ഓരോ വിമാനങ്ങളുമാണ് റദ്ദാക്കിയത്. യു.എ.ഇയില്‍ മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്നതിന് പിന്നാലെ സര്‍വ്വീസുകള്‍ റദ്ദാക്കിയത് യാത്രക്കാര്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.