പാരിസിൽ ഇന്ത്യൻ വിദ്യാർത്ഥികൾ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിൽ തീപിടിത്തം; ഒരാൾക്ക് നിസ്സാര പരിക്ക്: മലയാളി വിദ്യാർത്ഥികളടക്കം ബാക്കിയുള്ളവർ സുരക്ഷിതർ – A fire broke out in a rented house where Indian students lived in Paris; One minor injury: rest including the Malayali students are safe
പാരിസിൽ ഇന്ത്യൻ വിദ്യാർത്ഥികൾ വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിൽ തീപിടിത്തം. മലയാളികളടക്കമുള്ള വിദ്യാർത്ഥികൾ താമസിച്ചിരുന്ന വീട്ടിലാണ് തീപിടിത്തം ഉണ്ടായത്. ഇക്കഴിഞ്ഞ ഒമ്പതാം തിയതി വൈകിട്ട് പാരിസ് സമയം 6ന് ആയിരുന്നു അപകടം. ഉത്തരേന്ത്യൻ വിദ്യാർത്ഥികളിൽ ഒരാൾക്കു നിസ്സാര പരുക്കേറ്റു. മലയാളി വിദ്യാർത്ഥികളടക്കം ബാക്കിയുള്ളവർ സുരക്ഷിതരാണ്. അതേസമയം, മിക്കവാറും വിദ്യാർത്ഥികളുടെ വിദ്യാഭ്യാസരേഖകളും പാസ്‌പോർട്ടും കത്തിനശിച്ചു.
പ്ലാസ്റ്റിക്കും ഉപയോഗിച്ചു നിർമ്മിച്ചിരുന്ന മുറികളിൽ തീപടർന്നശേഷമാണ് വിദ്യാർത്ഥികൾ വിവരം അറിഞ്ഞത്. മാനേജ്‌മെന്റ്, എൻജിനീയറിങ് പഠനത്തിന് എത്തിയ 8 മലയാളികൾ ഉൾപ്പെടെ 27 വിദ്യാർത്ഥികളാണു വീട്ടിൽ താമസിച്ചിരുന്നത്. റഫ്രിജറേറ്ററിലെ ഷോർട്ട് സർക്യൂട്ട് മൂലമാണു തീപിടിത്തമുണ്ടായതെന്ന് വിദ്യാർത്ഥികൾ പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. പാരിസുകാരനായ വീട്ടുടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തെ തുടർന്ന് സ്ഥലത്തു നിന്നു മാറേണ്ടി വന്ന വിദ്യാർത്ഥികൾക്ക് ആദ്യ രണ്ടു ദിവസം ഇന്ത്യൻ എംബസി വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെ ഹോട്ടലുകളിൽ താമസമൊരുക്കി. ഇന്നലെ ഇവരെ വിവിധ വീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
താൽക്കാലിക താമസത്തിന് ഒരുമാസത്തേക്ക് സൗകര്യമൊരുക്കിയതായി സർവ മലയാളി ഫ്രാൻസിന്റെ പ്രസിഡന്റ് ജിത്തു ജനാർദനൻ പറഞ്ഞു. പൊലീസ് കേസെടുത്ത ശേഷമേ പാസ്‌പോർട്ടും മറ്റു രേഖകളും മറ്റും വീണ്ടെടുക്കുന്ന നടപടികളിലേക്ക് കടക്കാൻ കഴിയുവെന്നാണൂ വിദ്യാർത്ഥികളെ എംബസി അറിയിച്ചിരിക്കുന്നത്.