ന്യൂഡൽഹി: നികുതി ക്രമക്കേടുമായി ബന്ധപ്പെട്ട ആദായനികുതി വകുപ്പ് നടപടിക്കു പിന്നാലെ ബിബിസി ഇന്ത്യയിലെ ന്യൂസ് റൂം ഒഴിവാക്കി പ്രത്യേക കമ്പനിക്ക് സംപ്രേഷണാവകാശം നൽകുന്നു. ബിബിസിയുടെ തന്നെ ഇന്ത്യയിലെ ജീവനക്കാർ സ്ഥാപിച്ച സ്വകാര്യ കമ്പനിക്കാണു ലൈസൻസ് കൈമാറുന്നത്. ബിബിസിയുടെ ചരിത്രത്തിൽ ഇത്തരമൊരു നടപടി ഇതാദ്യം.
പുതിയ ക്രമീകരണം അടുത്തയാഴ്ച നിലവിൽ വരും. നാല് മുൻ ബിബിസി ജീവനക്കാർ ചേർന്നുള്ള കലക്റ്റിവ് ന്യൂസ് റൂം ആകും ഇനി ഇന്ത്യയിൽ ഹിന്ദി, ഗുജറാത്തി, മറാഠി, പഞ്ചാബി, തമിഴ്, തെലുങ്ക് ഭാഷകളിൽ ബിബിസിയുടെ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുക. ഈ കമ്പനിയുടെ 26% ഓഹരികൾക്കായി ബിബിസി കേന്ദ്ര സർക്കാരിന് അപേക്ഷ നൽകി. ഇന്ത്യയിൽ ഡിജിറ്റൽ മീഡിയ മേഖലയിൽ എഫ്ഡിഐ പരിധി 26 ശതമാനമാക്കി നിശ്ചയിച്ചതോടെയാണ് ബിബിസിയും മാറുന്നത്.
നേരത്തെ ബിബിസിയുടെ രാജ്യത്തെ എഡിറ്റോറിയൽ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തത് ബിബിസി ഇന്ത്യയായിരുന്നു. ഇതിൽ 99 ശതമാനം ഓഹരിയും യുകെ ആസ്ഥാനമായുള്ള കമ്പനിയുടെ ഉടമസ്ഥതയിലായിരുന്നു. പുതിയ മാറ്റത്തോടെ ബിബിസി ഇന്ത്യയിലെ 200ഓളം ജീവനക്കാർ കലക്റ്റിവ് ന്യൂസ് റൂമിലേക്ക് മാറി. നേരത്തേ, ബിബിസി 40 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയ ആദായനികുതി വകുപ്പ് കമ്പനിക്കെതിരേ നടപടി ആരംഭിച്ചിരുന്നു.