നിങ്ങളുടെ പാസ്സ്‌പോര്‍ട്ട് ഓണ്‍ലൈനില്‍ എങ്ങനെ പുതുക്കാം? എന്തൊക്കെ രേഖകളാണ് ആവശ്യം? പുതുക്കുന്നതിനുള്ള ഫീസ് എത്ര? ഓണ്‍ലൈന്‍ വഴി പാസ്സ്‌പോര്‍ട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാം – How to Renew Indian Passport Online ?
ഒരു വ്യക്തിയുടെ പൗരത്വം തിരിച്ചറിയുന്നതിനുള്ള ഏറ്റവും സുപ്രധാനമായ രേഖയാണ് പാസ്സ്‌പോര്‍ട്ട്. ഒഴിവുകാല യാത്രകള്‍, ഔദ്യോഗിക യാത്രകള്‍, വിദ്യാഭ്യാസത്തിനായുള്ള യാത്രകള്‍ എന്നിവയിലെല്ലാം വിദേശങ്ങളിലേക്ക് പോകാന്‍ അത് അത്യാവശ്യവുമാണ്. അതുകൊണ്ടു തന്നെ പാസ്സ്‌പോര്‍ട്ടിന്റെ സാധുത ഉറപ്പു വരുത്തേണ്ടത് അത്യാവശ്യവുമാണ്. ഇന്ത്യയില്‍ സാധാരണയായി ഒരു പാസ്സ്‌പോര്‍ട്ടിന്, അത് ഇഷ്യു ചെയ്ത തീയതി മുതല്‍ പത്ത് വര്‍ഷക്കാലത്തേക്കാണ് സാധുതയുള്ളത്.
അതുകഴിഞ്ഞാല്‍ പാസ്സ്‌പോര്‍ട്ട് പുതുക്കേണ്ടത് അത്യാവശ്യമാണ്. പാസ്സ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞ് മൂന്ന് വര്‍ഷത്തിനുള്ളിലോ, കാലാവധി തീരുന്നതിന് ഒരു വര്‍ഷം മുന്‍പ് വരേയുമോ അത് പുതുക്കാന്‍ കഴിയും. എന്നാല്‍, കാലാവധി തീരുന്നതിന് ഒന്‍പത് മാസം ബാക്കിയുള്ളപ്പോള്‍ പാസ്സ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള നടപടികള്‍ തുടങ്ങുന്നതായിരിക്കും ഏറ്റവും ഉചിതം എന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.അങ്ങനെയെങ്കില്‍, പുതുക്കുന്നതിന് ഏതെങ്കിലും വിധത്തിലുള്ള സങ്കീര്‍ണതകള്‍ ഉണ്ടാവുകയാണെങ്കില്‍, അവയെല്ലാം പരിഹറ്റിച്ച് കൃത്യ സമയത്തു തന്നെ പാസ്സ്‌പോര്‍ട്ട് പുതുക്കാന്‍ സാധിക്കും.
18 വയസ്സില്‍ താഴെയുള്ളവര്‍ക്കാണെങ്കില്‍ പാസ്സ്‌പോര്‍ട്ടിന്റെ സാധുത അഞ്ച് വര്‍ഷം വരെയോ, 18 വയസ്സ് തികയുന്നത് വരെയോ, ഏതാണ് ആദ്യം അന്നുവരെ ആയിരിക്കും. അതുകഴിഞ്ഞാല്‍ ഓണ്‍ലൈന്‍ പാസ്‌പ്പോര്‍ട്ട് പുതുക്കല്‍ സൗകര്യങ്ങള്‍ ലഭ്യമാണ്. 15 മുതല്‍ 18 വയസ്സുവരെയുള്ള കൗമാരക്കാര്‍ക്ക് പത്ത് വര്‍ഷത്തെ സാധുതയുള്ള പാസ്സ്‌പോര്‍ട്ടിന് അപേക്ഷിക്കുവാനുള്ള അവസരമുണ്ട്. അതിനായി, നിലവില്‍ സാധുതയുള്ള പാസ്സ്‌പോര്‍ട്ട്, നിലവിലെ പാസ്സ്‌പോര്‍ട്ടിന്റെ ആദ്യത്തെയും രണ്ടാമത്തെയും പേജുകളുടെ ഫോട്ടോകോപ്പി, ഇ സി ആര്‍/ നോണ്‍ ഇ സി ആര്‍ പേജുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോ കോപ്പികള്‍, മേല്‍വിലാസം തെളിയിക്കുന്ന രേഖ, സാധുത സൂചിപ്പിക്കുന്ന എക്സ്റ്റന്‍ഷന്‍ പേജിന്റെ ഫോട്ടോകോപ്പി, ഏതെങ്കിലും ഒബ്‌സര്‍വേഷന്‍ പേജിന്റെ കോപ്പി എന്നിവ സമര്‍പ്പിക്കേണ്ടതുണ്ട്.
10 വര്‍ഷത്തെ സാധുതയോടു കൂടി 36 പേജുകളുള്ള പാസ്സ്‌പോര്‍ട്ട് പുതുക്കന്നതിന് 1500 രൂപയും 60 പേജുള്ളതിന് 2000 രൂപയുമാണ് പ്രായപൂര്‍ത്തിയായവര്‍ക്കുള്ള ചാര്‍ജ്ജ്. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അഞ്ച് വര്‍ഷം അല്ലെങ്കില്‍ 18 വയസ്സ്, ഏതാണോ ആദ്യം അതുവരെ സാധുത ലഭിക്കുന്നതിനായി പാസ്സ്‌പോര്‍ട്ട് പുതുക്കുന്നതിന്1000 രൂപയും, 10 വര്‍ഷത്തെ സാധുതയോടെ പുതുക്കുന്നതിന് 1500 രൂപയുമാണ് നിരക്ക്.
ഓണ്‍ലൈന്‍ വഴി പാസ്സ്‌പോര്‍ട്ട് പുതുക്കുന്നതിനായി പാസ്സ്‌പോര്‍ട്ട് സേവ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. നിങ്ങള്‍ വെബ്‌സൈറ്റില്‍ റെജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍, ആദ്യം അത് ചെയ്യണം. അതിനുള്ള നിര്‍ദ്ദേശങ്ങള്‍ സ്‌ക്രീനില്‍ തെളിയും. അത് പിന്തുടര്‍ന്നാല്‍ മതി. റെജിസ്റ്റര്‍ ചെയ്ത് ലോഗിന്‍ ഐഡിയും പാസ്സ് വേര്‍ഡും കരസ്ഥമാക്കുക. പിന്നീട് നിങ്ങളുടെ ലോഗിന്‍ ഐഡിയും പാസ്സ് വേര്‍ഡും ഉപയോഗിച്ച് സൈറ്റ് ആക്‌സസ് ചെയ്യുക. പിന്നീട്, പുതിയ പാസ്സ്‌പ്പൊര്‍ട്ടിന് അപേക്ഷിക്കുക, പാസ്സ്‌പോര്‍ട്ട് പുതുക്കുക എന്നീ ഓപ്ഷനുകളില്‍ നിന്നും അനുയോജ്യമായത് തിരഞ്ഞെടുക്കുക. ആവശ്യമായ എല്ലാ വിവരങ്ങളും സത്യമായും കൃത്യമായും നല്‍കി എന്ന് ഉറപ്പാക്കുക. പേയ്‌മെന്റിനും, അപ്പോയിന്റ്‌മെന്റ് ഷെഡ്യൂള്‍ ചെയ്യുന്നതിനും അനുയോജ്യമയ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
തിരഞ്ഞെടുത്ത പേയ്‌മെന്റ് ഓപ്ഷനിലൂടെ ഫീസ് അടച്ചതിനു ശേഷം പൂര്‍ണ്ണമായും പൂരിപ്പിച്ച ഫോം സബ്മിറ്റ് ചെയ്യുക.നിശ്ചയിച്ച ദിവസം, എല്ലാ രേഖകളുടെയും ഒറിജിനലുകളുമായി നിങ്ങളുടെ അടുത്തുള്ള പാസ്സ്‌പോര്‍ട്ട് സേവ കേന്ദ്രത്തില്‍ പോയി അപേക്ഷ പൂര്‍ത്തിയാക്കുക. അതിനു മുന്‍പായി നിങ്ങള്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണം. അതിനായി വെബ്‌സൈറ്റില്‍ ലോഗ് ഇന്‍ ചെയ്തതിനു ശേഷം സേവ്ഡ് ആന്‍ഡ് സബ്മിറ്റഡ് അപ്ലിക്കേഷന്‍ എന്നതില്‍ നോക്കുക. പേ ആന്‍ഡ് ഷെഡ്യൂള്‍ അപ്പോയിന്റ്‌മെന്റ് എന്നതില്‍ ക്ലിക്ക് ചെയ്യുക. പേയ്‌മെന്റ് രീതിയും, ഷെഡ്യൂള്‍ ദിവസവും, സ്ഥലവും തിരഞ്ഞെടുക്കുക. നിങ്ങളുടെ സൗകര്യമനുസരിച്ച്, ലഭ്യമായ സ്ലോട്ട് ബുക്ക് ചെയ്യുക.