അമേരിക്കയിലെ മേരിലാൻഡിലെ നീളമേറിയ ഫ്രാൻസിസ് സ്കോട്ട് കീ ഇരുമ്പ്പാലമാണ് ഇന്നലെ ബാൾട്ടിമോർ തുറമുഖത്തുനിന്ന് കൊളംബോയിലേക്ക് പുറപ്പെട്ട ചരക്ക് കപ്പലിടിച്ച് തകർന്നത്. പാലത്തിലുണ്ടായിരുന്ന വാഹനങ്ങൾ അപകടത്തിൽ ഒന്നൊന്നായി നദിയിലേക്ക് പതിച്ചു. നിരവധി പേരെ രക്ഷാപ്രവർത്തകർ രക്ഷിച്ചുവെങ്കിലും ആറുപേർ മരണത്തിന് കീഴടങ്ങി.
വെല്ലുവിളി നിറഞ്ഞ ദിവസത്തിന്റെ ഹൃദയഭേദകമായ പര്യവസാനമെന്ന് തിരച്ചിൽ അവസാനിപ്പിക്കുന്നകാര്യം പ്രഖ്യാപിച്ചുകൊണ്ട് മേരിലാൻഡ് ഗവർണർ വെസ് മൂർ പറഞ്ഞു. ആറുപേരെയും കണ്ടെത്തുന്നതിനായി സാധ്യമായ വഴികളെല്ലാം ഉപയോഗിച്ചതായും അദ്ദേഹം അറിയിച്ചു.
ശ്രീലങ്കയിലേക്കു ചരക്കുമായി യാത്ര തിരിച്ച, സിങ്കപ്പൂർ കൊടിയുള്ള ദാലി എന്ന കപ്പലാണ് പാലത്തിലിടിച്ചത്. തുറമുഖത്തുനിന്ന് പുറപ്പെട്ട് അരമണിക്കൂറിനകമായിരുന്നു അപകടം. 2.75 കിലോമീറ്റർ നീളമുള്ള പാലം ബാൾട്ടിമോർ തുറമുഖത്തേക്ക് റോഡുമാർഗമുള്ള കവാടമാണ്. ചെസപീക് ബേയുമായി തുറമുഖത്തെ ബന്ധിപ്പിക്കുന്ന ഈ നാലുവരി പാലത്തിലൂടെ വർഷം 1.13 കോടി വാഹനങ്ങൾ കടന്നുപോകാറുണ്ട്.
പാലം തകര്‍ന്ന സംഭവത്തില്‍ കപ്പലിലുണ്ടായിരുന്ന ഇന്ത്യന്‍ ജീവനക്കാരെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. കൃത്യമായി ‘മെയ് ഡേ’ മുന്നറിയിപ്പ് നല്‍കിയതിനാണ് ബൈഡന്‍ ഇന്ത്യന്‍ ജീവനക്കാരെ അഭിനന്ദിച്ചത്. മുന്നറിയിപ്പ് ലഭിച്ചതുകാരണം നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ പാലം തകര്‍ത്ത ചരക്കുകപ്പലിന്റെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്നത് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക്. പാലക്കാട് സ്വദേശിയായ ക്യാപ്റ്റന്‍ രാജേഷ് ഉണ്ണിയുടെ സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്റെ കപ്പലാണ് കഴിഞ്ഞ ദിവസം ബാള്‍ട്ടിമോറിലെ പാലത്തില്‍ ഇടിച്ചത്. ലോകത്തെ മുന്‍നിര കപ്പല്‍ കമ്പനികളില്‍ ഒന്നാണ് സിനര്‍ജി മറൈന്‍ ഗ്രൂപ്പ്.
സിങ്കപ്പുര്‍ ആസ്ഥാനമായുള്ള കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒ.യും രാജേഷാണ്. സിനര്‍ജിയുടെ വെബ്‌സൈറ്റ് നല്‍കുന്ന വിവരപ്രകാരം, 14 രാജ്യങ്ങളിലായി 28 ഓഫീസുകള്‍ കമ്പനിക്കുണ്ട്. 24,000 നാവികര്‍ ജോലിചെയ്യുന്നു. 668-ല്‍പ്പരം ചരക്കുകപ്പലുകളുടെ നടത്തിപ്പുകാരാണ് രാജേഷ്.