രാജ്‌കോട്ടി: വെസ്റ്റിൻഡീസിലും യുഎസ്എയിലുമായി ഈ വർഷം നടക്കുന്ന ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ രോഹിത് ശർമ നയിക്കും. രാഹുൽ ദ്രാവിഡ് മുഖ്യ പരിശീലകനായും തുടരും. രാജ്‌കോട്ടിൽ ഇന്ത്യ – ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കവേ ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഈ വിവരം അറിയിച്ചത്.
2022ലും രോഹിത് തന്നെയായിരുന്നു ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യൻ ക്യാപ്റ്റൻ. ഓസ്ട്രേലിയയിൽ നടന്ന ആ ലോകകപ്പിൽ ഇന്ത്യ സെമിഫൈനലിൽ ഇംഗ്ലണ്ടിനോടു തോൽക്കുകയായിരുന്നു. അതിനു ശേഷം 2024 ജനുവരിയിൽ മാത്രമാണ് രോഹിത് വീണ്ടും ട്വന്‍റി20 മത്സരങ്ങൾ കളിച്ചു തുടങ്ങുന്നത്.
രോഹിത് ശർമ ഇന്ത്യയുടെ ട്വന്‍റി20 ടീമിൽ തിരിച്ചെത്തിയതിന്‍റെ അർഥം, ലോകകപ്പിൽ അദ്ദേഹം തന്നെയായിരിക്കും നായകൻ എന്നു തന്നെയാണെന്ന് ജയ് ഷാ വ്യക്തമാക്കി.
രോഹിതിനു കീഴിൽ കഴിഞ്ഞ ഏകദിന ലോകകപ്പും കളിച്ച ഇന്ത്യ തോൽവിയറിയാതെ ഫൈനൽ വരെയെത്തിയ ശേഷം ഓസ്ട്രേലിയയോടു തോൽക്കുകയായിരുന്നു. അതിനു ശേഷം സൂര്യകുമാർ യാദവിനെ ടി20 ക്യാപ്റ്റനായി നിയോഗിക്കുകയും, മുംബൈ ഇന്ത്യൻസിന്‍റെ ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യ എത്തുകയും ചെയ്തതോടെ രോഹിതിന്‍റെ ട്വന്‍റി20 ഭാവി സംശയത്തിലായിരുന്നു. ഇക്കാര്യത്തിലാണ് ബിസിസിഐ ഇപ്പോൾ വ്യക്തത വരുത്തിയിരിക്കുന്നത്.
അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലൂടെ ട്വന്‍റി20 ഫോർമാറ്റിൽ തിരിച്ചെത്തിയ രോഹിത് ആദ്യ രണ്ടു മത്സരങ്ങളിലും പൂജ്യത്തിനു പുറത്തായെങ്കിലും മൂന്നാമത്തെ മത്സരത്തിൽ 121 റൺസെടുത്തിരുന്നു. ഇതോടെ ട്വന്‍റി20 അന്താരാഷ്‌ട്ര മത്സരത്തിൽ അഞ്ച് സെഞ്ചുറി നേടുന്ന ആദ്യ ബാറ്ററുമായി.
രോഹിതാണ് അടുത്ത ലോകകപ്പിൽ ഇന്ത്യയെ നയിക്കുക എങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ ഹാർദിക് പാണ്ഡ്യക്കായിരിക്കും അടുത്ത അവസരമെന്നും ജയ് ഷാ വെളിപ്പെടുത്തി.
രോഹിതിനൊപ്പം വിരാട് കോലിയും ടി20 ടീമിൽ തിരിച്ചെത്തിയിരുന്നെങ്കിലും അദ്ദേഹം ലോകകപ്പ് കളിക്കുന്ന കാര്യം പറയാറായിട്ടില്ലെന്നാണ് ജയ് ഷാ നൽകുന്ന സൂചന. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് വ്യക്തിപരമായ കാരണങ്ങളാൽ വിട്ടുനിൽക്കുകയാണ് കോലി. അദ്ദേഹത്തിനു ബിസിസിസഐ എല്ലാ പിന്തുണയും നൽകുന്നു എന്നു മാത്രമാണ് ഷാ പറഞ്ഞത്.