കളിക്കാരനായും പരിശീലകനായും ജര്‍മനിക്ക് ലോകകപ്പ് ഫുട്ബോള്‍ കിരീടം സമ്മാനിച്ച ഇതിഹാസ താരം ഫ്രാന്‍സ് ബെക്കന്‍ ബോവര്‍(78) അന്തരിച്ചു. ഞായറാഴ്ച രാത്രി ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണ കാരണമെന്ന് കുടുംബാംഗങ്ങള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.1945 സെപ്റ്റംബർ 11നു ജർമനിയിലെ മ്യൂണിക്കിൽ ജനിച്ച ഫ്രാൻസ് ബെക്കന്‍ ബോവര്‍ ഫുട്ബോളില്‍ ജർമനിയുടെ എക്കാലത്തെയും മികച്ച താരമായാണ് വിലയിരുത്തപ്പെടുന്നത്.
കരിയറിന്‍റെ തുടക്കത്തില്‍ മധ്യനിരയിൽ കളിച്ചിരുന്ന ബെക്കൻ ബോവർ പ്രതിരോധനിരയിലാണ് തിളങ്ങിയത്.ആധുനിക ഫുട്ബോളിലെ ‘സ്വീപ്പർ’ പൊസിഷന് കൂടുതൽ പ്രാധാന്യം കൈവന്നത് ബെക്കൻബോവറിന്‍റെ കേളീശൈലിയിൽ നിന്നാണ്. രണ്ടുതവണ യൂറോപ്യൻ ഫുട്ബോളർ ആയി തിരഞ്ഞെടുക്കപ്പെട്ട ബെക്കൻ ബോവർ പശ്ചിമ ജർമ്മനിക്കായി 103 മത്സരങ്ങള്‍ കളിച്ചു.
1974ല്‍ ക്യാപ്റ്റനായും 1990ല്‍ പരിശീലകനായും ജര്‍മനിക്ക് ലോകകപ്പ് കിരീടം സമ്മനിച്ച ബെക്കന്‍ ബോവര്‍ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള ലോക ഫൂട്ബോളിലെ മൂന്ന് പേരില്‍ ഒരാളാണ്. കഴിഞ്ഞ ദിവസം അന്തരിച്ച ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം മാരിയോ സഗാലോ, ഫ്രാന്‍സിന്‍റെ നിലവിലെ പരിശീലകന്‍ ദിദിയര്‍ ദെഷാംപ്സ് എന്നിവരാണ് മറ്റു രണ്ടുപേര്‍. ആരാധകര്‍ക്കിടയില്‍ കൈസര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബെക്കന്‍ ബോവര്‍ വിരമിച്ചശേഷം ഫുട്ബോള്‍ ഭരണകര്‍ത്താവെന്ന നിലയിലും ശ്രദ്ധേയനായി. എന്നാല്‍ 2006ൽ ജര്‍മനി ആതിഥേയരായ ലോകകപ്പുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങളും ബെക്കന്‍ ബോവര്‍ക്കെതിരെ ഉയര്‍ന്നു.
1966ല്‍ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റ ജര്‍മന്‍ ടീമില്‍ കളിച്ച ബെക്കന്‍ ബോവര്‍ 1970ല്‍ മൂന്നാം സ്ഥാനം നേടിയ ജര്‍മന്‍ ടീമിലും അംഗമായിരുന്നു. 1974ല്‍ ക്യാപ്റ്റനായി പശ്ചിമ ജര്‍മനിക്ക് ലോക കിരീടം സമ്മാനിച്ച ബെക്കന്‍ ബോവര്‍ ജര്‍മനിയുടെ ഇതിഹാസ താരമായി. ക്ലബ്ബ് ഫുട്ബോളില്‍ ബയേണ്‍ മ്യൂണിക്കിന്‍റെ വിശ്വസ്ത താരം കൂടിയായിരുന്നു കൈസര്‍. നാല് വീതം ബുണ്ടസ് ലീഗ, ജര്‍മന്‍ കപ്പ്, മൂന്ന് തവണ യൂറോപ്യന്‍ കപ്പ്, യൂറോപ്യന്‍ കപ്പ് വിന്നേഴ്സ് കപ്പ്, ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പ് നേട്ടങ്ങളിലും ബയേണിനൊപ്പം ബെക്കന്‍ ബോവര്‍ പങ്കാളിയായി. ജര്‍മനിക്ക് പുറമെ ബയേണ്‍ മ്യൂണിക്കിന്‍റെയും ഫ്രഞ്ച് ക്ലബ്ബായ മാഴ്സയുടെയും പരിശീലകനായിരുന്നു.