കാസിൽബാൾഡ്‌വിന് സമീപമുള്ള സ്ലൈഗോ ഡബ്ലിൻ റോഡിൽ (N4) 190 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നതായി കണ്ടെത്തിയ 66 കാരനായ ഡ്രൈവർ, താൻ ടോയ്‌ലറ്റിൽ പോകാനുള്ള തിരക്കിലായിരുന്നുവെന്ന് സ്ലൈഗോ ജില്ലാ കോടതിയിൽ പറഞ്ഞു.
2022 മാർച്ച് 29-ന് കാസിൽബാൾഡ്‌വിനിലെ ഹോളിബ്രൂക്കിൽ വെച്ച് അപകടകരമായ വാഹനമോടിച്ചതിന് കുലൂണിയിലെ നോക്ക്ബെഗിലെ കോൾ കീരൻസ് ആയിരുന്നു കോടതി മുമ്പാകെ ഇത്തരത്തിൽ ഒരു വിചിത്ര വാദം ഉന്നയിച്ചത്.
രാത്രി 9.14 ന് കാസിൽബാൾഡ്‌വിന് സമീപത്ത് 190 കിലോമീറ്റർ വേഗതയിൽ ഒരു കറുത്ത മെഴ്‌സിഡസ് കാർ സഞ്ചരിച്ചതായി കണ്ടെത്തുകയായിരുന്നുവെന്ന് ഗാർഡ കീരൻ ഫീനി കോടതിയെ അറിയിച്ചു.
അയാൾ കാർ നിർത്തി.എന്നാൽ ഡ്രൈവർ വേഗതയ്ക്ക് കാരണമൊന്നും പറഞ്ഞില്ല. കാറിന്റെ നികുതിയും കാലഹരണപ്പെട്ടിരുന്നു.
താൻ ഒരു പ്രമേഹരോഗിയാണെന്നും, അന്ന് താൻ നേരത്തെ ഇൻസുലിൻ എടുത്തിരുന്നില്ലെന്നും, പ്രമേഹരോഗികൾ കൂടുതൽ തവണ മൂത്രമൊഴിക്കുന്നുണ്ടെന്നും, തനിക്ക് ടോയ്‌ലറ്റ് ഉപയോഗിക്കേണ്ടതുണ്ടെന്നും കീരൻസ് കോടതിയെ അറിയിച്ചു.
വേഗതയ്ക്ക് ക്ഷമാപണം നടത്തുകയും, അടുത്തുള്ള ഒരു റസ്റ്റോറന്റിലേക്ക് പോകാൻ ശ്രമിക്കുകയായിരുന്നെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. ഗാൽവേയിലെ ആശുപത്രി അപ്പോയിന്റ്‌മെന്റുകളിലേക്ക് ഡ്രൈവ് ചെയ്യേണ്ടതിനാൽ തന്നെ തൻ്റെ ലൈസൻസ് അയോഗ്യമാക്കരുതെന്ന് അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.
ജഡ്ജി ഐറ്റെയ്ൻ കണ്ണിംഗ്ഹാം കീരൻസ്സിന് 200 യൂറോ പിഴയും രണ്ട് വർഷത്തേക്ക് വാഹനമോടിക്കുന്നതിൽ നിന്ന് വിലക്കും വിധിച്ചു.