ആറുവർഷം മുമ്പ് സ്പെയിനിൽ അമ്മയ്ക്കും മുത്തച്ഛനുമൊപ്പം കാണാതായ സ്കൂൾ വിദ്യാർത്ഥിയെ തെക്കൻ ഫ്രാൻസിൽ ജീവനോടെ കണ്ടെത്തി.
കാണാതാകുമ്പോൾ 11 വയസായിരുന്നു അലക്സ് ബാറ്റിക്ക്. ഇപ്പോൾ 17 വയസായി. കുട്ടിയെ കണ്ടെത്തിയെന്നു കാണിച്ച് മുത്തശ്ശി പങ്കുവെച്ച കുറിപ്പിലൂടെയാണ് സംഭവം ലോകമറിഞ്ഞത്.
ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഓൾഡ്ഹാമിലായിരുന്നു അലക്സ് താമസിച്ചിരുന്നത്. അമ്മക്കും മുത്തശ്ശനുമൊപ്പം സ്പെയിനിൽ അവധിക്കാലം ആഘോഷിച്ച് മടങ്ങിവരുമ്പോഴാണ് കുട്ടിയെ കാണാതായത്. കുട്ടിയെ ഒരുപാടിടങ്ങളിൽ അന്വേഷിച്ചുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
കുട്ടിയെ റോഡിൽ കണ്ട വാഹനമോടിക്കുന്നയാളാണ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഡെലിവറി ഡ്രൈവറായ ഫാബിൻ അക്സിഡിനിയാണ് ബുധനാഴ്ച പുലർച്ചെ പൈറിനീസിന്റെ താഴ്‌വരയിലെ റോഡിലൂടെ അലക്‌സ് നടക്കുന്നത് കണ്ടത്. ‘താൻ നാല് ദിവസമായി നടക്കുകയാണെന്നും മലനിരകളിലെ ഒരു സ്ഥലത്തു നിന്നാണ് പുറപ്പെട്ടതെന്നും കുട്ടി വിശദീകരിച്ചു, എന്നാൽ എവിടെയാണെന്ന് പറഞ്ഞില്ല’.- അക്സിഡിനി പറഞ്ഞു. ഡെലിവറി ഡ്രൈവറുടെ ഫോൺ വാങ്ങി മുത്തശ്ശിക്ക് മെസേജ് അയച്ചപ്പോഴാണ് കുട്ടി ജീവിച്ചിരിപ്പുണ്ടെന്ന വിവരം മനസിലാകുന്നത്. “ഞാൻ നിങ്ങളെയെല്ലാം സ്നേഹിക്കുന്നു. എനിക്ക് വീട്ടിലേക്ക് തിരിച്ചുവരണം” – എന്നായിരുന്നു കുട്ടിയുടെ സന്ദേശം.