ലണ്ടന്‍: ഇംഗ്ലണ്ടിലെ ഹെര്‍ട്ട്ഫോര്‍ഡ്ഷയറിലെ സെന്റ് ജോര്‍ജ്ജ് കോപ്റ്റിക് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടന്ന ആഗമനകാല ശുശ്രൂഷയിലും, ക്രിസ്തുമസ് വിരുന്നിലും പങ്കെടുത്ത് ചാള്‍സ് രാജാവ്. ഏതാണ്ട് അഞ്ഞൂറിലധികം വിശ്വാസികളും ചടങ്ങില്‍ സംബന്ധിച്ചു. King Charles at the Coptic Church in Britain
വിശുദ്ധ കുര്‍ബാനക്ക് ശേഷം ബ്രിട്ടീഷ് രാജാവ് ദേവാലയത്തിലെ യുവ വോളണ്ടിയര്‍മാരുമായി ഏതാനും സമയം ചെലവഴിച്ചു. ആറ് വയസ്സുള്ള ബാലിക ‘ഹാപ്പി ഹോളിഡെയ്സ്’ എന്നെഴുതിയ ആശംസ കാര്‍ഡ് രാജാവിന് സമര്‍പ്പിച്ചത് ചടങ്ങില്‍ ശ്രദ്ധ നേടി.
ഷെഫാല്‍ബറി മാനൊറിന് സമീപം സ്ഥിതി ചെയ്യുന്ന സെന്റ് ജോര്‍ജ്ജ് കത്തീഡ്രല്‍ യുകെയിലെ നാല്‍പ്പതിനായിരത്തോളം കോപ്റ്റിക് ഓര്‍ത്തഡോക്സ് വിശ്വാസികളുടെ ആരാധനാ കേന്ദ്രമാണ്.
ബ്രിട്ടനിലും വിദേശത്തും, മതാന്തര സംവാദം പ്രോത്സാഹിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു ബ്രിട്ടീഷ് രാജാവ് ചടങ്ങില്‍ പങ്കെടുത്തത്.
കോപ്റ്റിക് ഓര്‍ത്തഡോക്സ് വിശ്വാസി സമൂഹത്തെ രാജാവ് സന്ദര്‍ശിച്ചത് സന്തോഷവും, ആകാംക്ഷയും നിറഞ്ഞ ഒരു ദിവസമായിരുന്നുവെന്നും നൂറിലധികം ഉദ്യോഗസ്ഥരും, വിവിധ മതവിശ്വാസികളും, എക്യമെനിക്കല്‍ അതിഥികളും ചടങ്ങില്‍ സംബന്ധിച്ചിരുന്നുവെന്നും കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭ, സമൂഹമാധ്യമമായ ‘എക്സ്’ല്‍ കുറിച്ചു.
സൗത്ത്വാര്‍ക്ക് മെത്രാന്‍ റവ. ക്രിസ്റ്റഫര്‍ ചെസ്സുണ്‍, സെന്റ് അല്‍ബാന്‍സ് മെത്രാന്‍ തുടങ്ങി വിവിധ സഭാനേതാക്കളും ചടങ്ങില്‍ ക്ഷണിക്കപ്പെട്ടിരുന്നു.
ക്രിസ്തുമസിനോടനുബന്ധിച്ചുള്ള തിരക്കിനിടയിലും രാജാവിന്റെ സന്ദര്‍ശനം ജനങ്ങളെ സംബന്ധിച്ചിടത്തോളം പ്രോത്സാഹനജനകമാണെന്നു ബിഷപ്പ് അലന്‍ സ്മിത്ത് പറഞ്ഞു. രാജാവിന്റെ കിരീടധാരണ ചടങ്ങില്‍ സജീവമായിരുന്ന ‘ചര്‍ച്ചസ് റ്റുഗെദര്‍’ന്റെ ജനറല്‍ സെക്രട്ടറി മൈക്ക് റോയലും പരിപാടിയില്‍ പങ്കെടുത്തു.
പ്രാര്‍ത്ഥനയും, സുവിശേഷ വായനയുമായി 15 മിനിറ്റ് നീണ്ട ശുശ്രൂഷയാണ് നടന്നത്. കോപ്റ്റിക് ഓര്‍ത്തഡോക്സ് സമൂഹത്തോട് തനിക്ക് വളരെ ആദരവുണ്ടെന്നും ക്രിസ്തുമസ് ആശംസകള്‍ നേരുന്നതായും ചാള്‍സ് രാജാവ് പറഞ്ഞു.
അതിപുരാതന ക്രിസ്ത്യന്‍ സഭാവിഭാഗങ്ങളില്‍ ഒന്നാണ് ഈജിപ്തില്‍ വേരൂന്നിയിട്ടുള്ള കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭ. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിരവധി ദേവാലയങ്ങള്‍ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭക്കുണ്ട്.