പാരീസ്: തീവ്ര ഇസ്ലാമിക ആക്രമണം ആസൂത്രണം ചെയ്തതിന് ജയിൽ ശിക്ഷ അനുഭവിക്കുകയും മാനസിക ചികിത്സയ്ക്ക് വിധേയനാവുകയും ചെയ്ത ഒരാൾ ശനിയാഴ്ച രാത്രി പാരീസിലെ ഈഫൽ ടവറിന് സമീപം ഒരു ജർമ്മൻ വിനോദസഞ്ചാരിയെ കുത്തിക്കൊലപ്പെടുത്തുകയും മറ്റ് രണ്ട് പേരെ പരിക്കേൽപ്പിക്കുകയും ചെയ്തു.
വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട പ്രദേശമായ ബിർ ഹക്കീം പാലത്തിന് സമീപം രാത്രി 9 മണിയോടെയാണ് ആക്രമണം നടന്നത്. ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആക്രമണങ്ങൾക്കെതിരെ ഫ്രാൻസ് അതീവ ജാഗ്രതയിലാണ്.
ആക്രമണം നടത്തിയയാൾ ആദ്യം പാലത്തിന് സമീപം ജർമ്മൻ യുവാവിനെ മാരകമായി കുത്തിക്കൊന്നു. അതുവഴി വന്ന ഒരു ടാക്സി ഡ്രൈവർ അയാളെ തടയാൻ ശ്രമിച്ചു. എന്നാൽ അയാൾ പാലത്തിലൂടെ സെയ്ൻ നദിയുടെ മറുകരയിലേക്ക് ഓടി. രണ്ട് പേരെ കൂടി ആക്രമിക്കുകയും ചുറ്റിക കൊണ്ട് ഒരാൾക്ക് പരിക്കേൽപ്പിക്കുകയും ചെയ്തു. പോലീസ് ഇയാളെ പിന്തുടരുകയും സ്റ്റൺ ഗൺ ഉപയോഗിച്ച് തടയുകയും ചെയ്തു. തീവ്രവാദ വിരുദ്ധ പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
ഒക്‌ടോബർ 7-ന് ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തിനും ഗാസയിൽ ഇസ്രായേൽ ബോംബാക്രമണത്തിനും ശേഷം, വലിയ ജൂത-മുസ്ലിം ജനസംഖ്യയുള്ള ഫ്രാൻസിൽ കടുത്ത പിരിമുറുക്കം നിലനിൽക്കുകയാണ്.