ന്യൂദല്‍ഹി- ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍ ഡോക്യുമെന്ററിയില്‍ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന് (ബിബിസി) പുതിയ നോട്ടീസയച്ച് ദല്‍ഹി ഹൈക്കോടതി. ഡോക്യൂമെന്ററി മൂലം ഉണ്ടായ നഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗുജറാത്ത് ആസ്ഥാനമായുള്ള എന്‍ജിഒ നല്‍കിയ ഹരജിയിലാണ് നടപടി.
ഡോക്യുമെന്ററി രാജ്യത്തിന്റെ സല്‍പ്പേര് അപകീര്‍ത്തിപ്പെടുത്തിയെന്നും പ്രധാനമന്ത്രിക്കെതിരെയും ഇന്ത്യന്‍ ജുഡിഷ്യറിക്കെതിരെയും തെറ്റായതും അപകീര്‍ത്തികരവുമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ബിബിസി (യുകെ)യെ കൂടാതെ ബിബിസിക്ക് (ഇന്ത്യ)ക്കും ജസ്റ്റിസ് സച്ചിന്‍ ദത്ത നോട്ടീസയച്ചിട്ടുണ്ട്. ബിബിസിക്ക് നേരത്തെ നോട്ടീസ് അയച്ചിരുന്നെങ്കിലും അവ എത്തിക്കാനായില്ലെന്ന് ഹരജിക്കാരനായ എന്‍ജിഒയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. എന്‍ജിഒയെ പ്രതിനിധീകരിച്ച് അഭിഭാഷകനായ സിദ്ധാര്‍ത്ഥ് ശര്‍മ്മ പ്രതികള്‍ക്ക് നോട്ടീസ് നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടിട്ടുണ്ട്.
ഡിസംബര്‍ 15 ന് കൂടുതല്‍ വാദം കേള്‍ക്കും. ബിബിസി (യുകെ) യുണൈറ്റഡ് കിംഗ്ഡത്തിന്റെ ദേശീയ ബ്രോഡ്കാസ്റ്റര്‍ ആണെന്നും രണ്ട് എപ്പിസോഡുകളുള്ള ന്യൂസ് ഡോക്യുമെന്ററി ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ ഇവര്‍ പുറത്തിറക്കിയെന്നും ചൂണ്ടികാട്ടിയുള്ള ഹരജിയില്‍ മെയ് 22 ന് ദല്‍ഹി ഹൈക്കോടതി ബിബിസിക്ക് നോട്ടീസ് അയച്ചിരുന്നു. ബിബിസി (ഇന്ത്യ) അതിന്റെ പ്രാദേശിക പ്രവര്‍ത്തന ഓഫീസാണെന്നും രണ്ട് എപ്പിസോഡുകളും 2023 ജനുവരിയില്‍ പ്രസിദ്ധീകരിച്ചതാണെന്നും ഈ ഹരജിയില്‍ പറഞ്ഞിരുന്നു. നരേന്ദ്ര മോഡി മുഖ്യമന്ത്രിയായിരുന്ന സമയത്ത് 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടതാണ് ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍’ ഡോക്യുമെന്ററി. ഡോക്യുമെന്ററി പുറത്തിറങ്ങി ഉടന്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയില്‍ അതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രി, ഇന്ത്യന്‍ സര്‍ക്കാര്‍, ഗുജറാത്ത് സംസ്ഥാന സര്‍ക്കാര്‍ എന്നിവയുടെ സല്‍പ്പേരിനും രാജ്യത്തിന്റെ യശസ്സിനും ബിബിസി ഡോക്യുമെന്ററി കളങ്കമുണ്ടാക്കി. ഒപ്പം ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടെയും സല്‍പ്പേരിനെയും അത് ബാധിച്ചു. ബിബിസി 10,000 കോടി രൂപ നഷ്ടപരിഹാരം നല്‍കണന്നാണ് ഹരജിയിലെ ആവശ്യം. ഡോക്യൂമെന്ററി മൂലം രാജ്യത്തുടനീളം നാശ നഷ്ടങ്ങള്‍ ഉണ്ടായി. നാശനഷ്ടങ്ങളുടെ വ്യാപ്തിയെത്രയെന്ന് വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കണ്ടെത്താനാകൂ. എന്നിരുന്നാലും, നിലവില്‍ 10,000 കോടി രൂപയുടെ നാശനഷ്ടങ്ങളാണ് കണക്കാക്കുന്നതെന്നും ഹരജിക്കാരന്‍ പറഞ്ഞു.