കനേഡിയൻ നയതന്ത്രജ്ഞരെ ഇന്ത്യയിൽ നിന്നും തിരിച്ചയക്കുന്നതിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആശങ്ക പ്രകടിപ്പിച്ചു. ബ്രിട്ടന്റെ ഫോറിൻ, കോമൺവെൽത്ത് ആൻഡ് ഡെവലപ്‌മെന്റ് ഓഫീസ് (എഫ്‌സിഡിഒ) ഇന്ത്യൻ സർക്കാരിന്റെ തീരുമാനങ്ങളോട് യോജിക്കുന്നില്ലെന്ന് പറഞ്ഞു.
നയതന്ത്ര സാന്നിധ്യത്തിൽ തുല്യത ഉറപ്പാക്കുന്നതിനുള്ള ഇന്ത്യയുടെ നടപടികൾ നയതന്ത്ര ബന്ധങ്ങളെക്കുറിച്ചുള്ള വിയന്ന കൺവെൻഷനു വിരുദ്ധമാണെന്ന കാനഡയുടെ വാദത്തെ യുഎസും യുകെയും പിന്തുണച്ചു, അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ നയതന്ത്രജ്ഞർ അതാത് രാജ്യങ്ങളിൽ ഉണ്ടാവേണ്ടത് അനിവാര്യമാണെന്ന് അവർ പറഞ്ഞു.
41 കനേഡിയൻ നയതന്ത്രജ്ഞരെയും അവരുടെ കുടുംബങ്ങളെയും ഇന്ത്യയിൽ നിന്ന് പിൻവലിച്ചതായി ഒട്ടാവ വ്യാഴാഴ്ച സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് കാനഡ ഉൾപ്പെടുന്ന ഫൈവ് ഐസ് ഇന്റലിജൻസ് സഖ്യത്തിന്റെ ഭാഗമായ യുഎസിന്റെയും യുകെയുടെയും പിന്തുണ.
രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾക്ക് ചട്ടക്കൂട് സൃഷ്ടിക്കുന്ന 1961 ലെ അന്താരാഷ്ട്ര ഉടമ്പടിയായ വിയന്ന കൺവെൻഷന്റെയും അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും ലംഘനമായാണ് ഇന്ത്യയുടെ നടപടികളെ കാനഡ വിശേഷിപ്പിച്ചത്. ഇന്ത്യ ഇത് നിരസിക്കുകയും തങ്ങളുടെ പ്രവർത്തനങ്ങൾ പൂർണ്ണമായും വിയന്ന കൺവെൻഷനോട് യോജിക്കുന്നതാണെന്നും അറിയിച്ചു.