ഡബ്ലിൻ: അയർലണ്ടിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ മെട്രോലിങ്കിന് (MetroLink) മുന്നിലുണ്ടായിരുന്ന വലിയ നിയമതടസ്സം നീങ്ങി. സൗത്ത് ഡബ്ലിനിലെ റനിലായിലുള്ള (Ranelagh) ഡാർട്ട്മൗത്ത് സ്ക്വയറിലെ 10 ആഡംബര വീടുകൾ വിലയ്ക്ക് വാങ്ങാൻ സർക്കാർ തീരുമാനിച്ചതോടെയാണ് വർഷങ്ങൾ നീളുമായിരുന്ന നിയമയുദ്ധത്തിന് അന്ത്യമായത്.
പദ്ധതിയുടെ ടെർമിനസ് തങ്ങളുടെ വീടുകൾക്ക് സമീപം വരുന്നത് മൂലമുള്ള ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നൽകിയ ഹർജി, ചർച്ചകൾക്ക് ഒടുവിൽ പിൻവലിച്ചു. ഈ ഒത്തുതീർപ്പിനെ “നേരത്തെയെത്തിയ ക്രിസ്മസ് സമ്മാനം” എന്നാണ് ഗതാഗത മന്ത്രി ഡാറ ഒബ്രിയൻ വിശേഷിപ്പിച്ചത്.
കരാറിലെ പ്രധാന വിവരങ്ങൾ:
- വീടുകളുടെ വില: 10 വീടുകൾക്കായി ഏകദേശം 25 മില്യൺ മുതൽ 30 മില്യൺ യൂറോ വരെ (ഏകദേശം 270 കോടി രൂപ) സർക്കാർ ചെലവാക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ പ്രദേശത്തെ ഒരു വീടിന്റെ ശരാശരി വിപണി വില 2.7 മില്യൺ യൂറോയാണ്.
- പദ്ധതിയുടെ ഭാവി: നിയമതടസ്സങ്ങൾ നീങ്ങിയതോടെ 2026-ൽ ടെൻഡർ നടപടികൾ ആരംഭിക്കാനും 2027-ഓടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാനും സാധിക്കുമെന്ന് സർക്കാർ അറിയിച്ചു.
- ലക്ഷ്യം: ഡബ്ലിൻ എയർപോർട്ട് വഴി സ്വോർഡ്‌സ് (Swords) മുതൽ ചാർലിമൗണ്ട് (Charlemont) വരെയുള്ള 18.8 കിലോമീറ്റർ ദൂരത്തിലാണ് മെട്രോലിങ്ക് പാത നിർമ്മിക്കുന്നത്.
